ആകെമൊത്തം പച്ചപ്പും ഹരിതാഭയും; പ്രകൃതിയോട് ചേർന്ന് ഒരു വീട്, ചിത്രങ്ങൾ കാണാം

March 3, 2020

വ്യത്യസ്തവും മനോഹരവുമായ വീടുകൾ എല്ലാവരുടെയും സ്വപ്നമാണ്. സുരക്ഷ ഉറപ്പുവരുത്തുന്നതിന് പുറമെ വീട് ഒരാളുടെ വ്യക്തിത്വം കൂടി എടുത്തുകാണിക്കാറുണ്ട്. ഇപ്പോഴിതാ മുംബൈ നഗരത്തിലെ ഒരു വീടാണ് സമൂഹമാധ്യമങ്ങളുടെ കൈയടി നേടുന്നത്.

1991 ൽ വിവാഹിതരായ അനബെൽ ഫെറോയുടെയും ക്ലെമന്റ് ഡിസിൽവയുടെയും സ്വപ്നമായിരുന്നു മുംബൈ നഗരത്തിൽ നിന്നും കുറച്ച് മാറി പ്രകൃതിയോട് അടുത്തുനിൽക്കുന്ന ഒരു വീട്. മുംബൈയിൽ നിന്നും കുറച്ച് മാറി പവ്വ്ന എന്ന നഗരത്തിലാണ് ഇരുവരും ചേർന്ന് മനോഹരമായ വീട് പണിതിരിക്കുന്നത്.

മനോഹരമായ പവ്വ്ന നദിക്കും തങ്കി മലകൾക്കും ഇടയിലായാണ് ഇരുവരുടെയും സ്വപ്നഭവനം ഒരുങ്ങിയത്. പ്രകൃതിക്ക് ദോഷം വരുത്തുന്ന ഒന്നും ഉപയോഗിക്കാതെയാണ് ഇവർ വീട് പണിതിരിക്കുന്നത്. സിമന്റിന് പകരം കല്ലുകൾ കൊണ്ടാണ് വീട് നിർമിച്ചിരിക്കുന്നത്. പരമ്പരാഗത ശൈലിക്കൊപ്പം മോഡേൺ രീതികളും ചേർത്താണ് വീടിന്റെ നിർമാണം.

വീടിനോട് ചേർന്ന് ജൈവകൃഷിയും, വീടിന് മുകളിൽ മഴവെള്ള സംഭരണിയും ഒരുക്കിയിട്ടുണ്ട്. വീടിനടുത്തായി മരങ്ങളും ചെടികളും ഇവർ വളർത്തിയിട്ടുണ്ട്. വലിയ ലിവിങ് റൂമും, കിടപ്പുമുറികളും, സ്റ്റോർ റൂമും പോർച്ചുമെല്ലാം ചേർന്നതാണ് ഈ വീട്.

വിനോദ സഞ്ചാരികൾക്കായി ഹോംസ്റ്റേയും ഇവർ ഒരുക്കിയിട്ടുണ്ട്. ഗ്രാമത്തിന്റെ സൗന്ദര്യവും പ്രകൃതിയുടെ മനോഹാരിതയും ഇവിടെ വരുന്നവർക്ക് ആസ്വദിക്കാം.