ബിലാലില്‍ മമ്മൂട്ടിക്കൊപ്പം പ്രധാന കഥാപാത്രമായി ലാല്‍ ജൂനിയറും

March 15, 2020

മലയാളികളുടെ പ്രിയതാരം മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ബിലാല്‍’. അമല്‍ നീരദ് സംവിധാനം നിര്‍വഹിച്ച ‘ബിഗ് ബി’ എന്ന ചിത്രത്തിന്റെ തുടര്‍ച്ചയാണ് ‘ബിലാല്‍’. 2007ലാണ് ‘ബിഗ് ബി’ തിയേറ്ററുകളിലെത്തിയത്. 2020 പകുതിയോടെ ‘ബിലാല്‍’ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും എന്നാണ് സൂചന.

അതേസമയം ‘ബിലാല്‍’ എന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം ജീന്‍പോള്‍ ലാലും ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. മംമ്താ മോഹന്‍ദാസ്, മനോജ് കെ ജയന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.

2005-ല്‍ പ്രദര്‍ശനത്തിനെത്തിയ ഹോളിവുഡ് ചിത്രം ‘ഫോര്‍ ബ്രദേഴ്‌സി’ന്റെ അനൗദ്യോഗിക റീമേക്കായിരുന്നു ‘ബിഗ് ബി’. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് തിയേറ്ററുകളില്‍ ‘ബിഗ് ബി’ നേടിയതും. ചിത്രത്തിലെ ഡയലോഗുകള്‍ ചലച്ചിത്ര ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഉണ്ണി ആര്‍ ആയിരുന്നു ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്. ദൃശ്യമികവിലും ‘ബിഗ് ബി’ ശ്രദ്ധ നേടി.

Read more: ‘നിസ്സാരം’; ഉടമയ്‌ക്കൊപ്പം കൂളായി നായയുടെ വര്‍ക്ക്ഔട്ട്: വൈറല്‍ വീഡിയോ

കൊച്ചി ആസ്ഥാനമായിട്ടുള്ളതാണ് ‘ബിഗ് ബി’ എന്ന ചിത്രത്തിന്റെ കഥ. സാമൂഹ്യ പ്രവര്‍ത്തകയായ മേരി ടീച്ചര്‍ എന്ന് അറിയപ്പെടുന്ന മേരി ജോണ്‍ കുരിശിങ്കല്‍ എന്ന കഥാപാത്രത്തിന്റെ കൊലപാതകത്തോടെയാണ് സിനിമയുടെ ആരംഭം. ചിത്രത്തില്‍ ബിലാല്‍ എന്നാണ് മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്.

മേരി ടീച്ചര്‍ ദത്തെടുത്ത് വളര്‍ത്തിയ നാല് മക്കളില്‍ മൂത്ത മകനാണ് ബിലാല്‍. അമ്മയുടെ കൊലപാതകിയെ കണ്ടെത്താന്‍ മക്കള്‍ നടത്തുന്ന ശ്രമത്തിലൂടെയാണ് ‘ബിഗ് ബി’ എന്ന ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. അതേസമയം ‘ബിലാല്‍’ എന്ന സിനിമ ബിഗ് ബിയിലെ ബിലാല്‍ എന്ന കഥാപാത്രത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ടായിരിക്കും ഒരുക്കുന്നതെന്നാണ് സൂചന.