പ്രണയത്തിന്റെ മനോഹരഭാവങ്ങൾ പങ്കുവെച്ച് ഒരു ഗാനം; വീഡിയോ

March 1, 2020

ദീപക് പറമ്പൊലും പ്രയാഗ മാര്‍ട്ടിനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ഭൂമിയിലെ മനോഹര സ്വകാര്യം. പ്രണയഭാവങ്ങളില്‍ മികച്ച അഭിനയം കാഴ്ചവയ്ക്കുന്നുണ്ട് ഇരുവരും. ഷൈജു അന്തിക്കാടാണ് സിനിമയുടെ സംവിധാനം നിര്‍വഹിക്കുന്നത്. എ ശാന്തകുമാര്‍ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് സച്ചിന്‍ ബാലുവാണ്. ബയോസ്‌കോപ് ടാകീസിന്റെ ബാനറില്‍ രാജീവ്കുമാര്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. ഇപ്പോഴിതാ ചിത്രത്തിലെ മനോഹരമായൊരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ‘കണ്ണാരം പൊത്തി’ എന്ന് തുടങ്ങുന്ന മനോഹരമായ പ്രണയ ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്.

ബാല്യം മുതല്‍ ഉറ്റ ചങ്ങാതിമാരായിരുന്ന രണ്ട് പേര്‍ക്കിടയില്‍ ഉടലെടുത്ത പ്രണയവും തുടര്‍ന്ന് അവരുടെ ജീവിതത്തിലുണ്ടാകുന്ന ചില അപ്രതീക്ഷിത സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ജാതിയുടെയും മതത്തിന്റെയും അതിര്‍വരമ്പുകള്‍ ഭേദിച്ചുകൊണ്ടുള്ള പ്രണയം ചിത്രത്തില്‍ വളരെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്.

ലാല്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, സുധീഷ്, അഭിഷേക് രവീന്ദ്രന്‍, അഞ്ജു അരവിന്ദ്, നിഷ സാരംഗ്, ഹരീഷ് പേരാടി, സന്തോഷ് കീഴാറ്റൂര്‍, മഞ്ജു തുടങ്ങിയ നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

പാട്ടിനും പ്രണയത്തിനും കുടുംബ ബന്ധങ്ങള്‍ക്കുമെല്ലാം പ്രാധാന്യം നല്‍കിക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രണയത്തെ ഭൂമിയിലെ ഏറ്റവും മനോഹരമായ ഒരു സ്വകാര്യം എന്നപോലെ അവതരിപ്പിച്ചിരിക്കുന്നു ചിത്രത്തില്‍. തിയേറ്ററുകളില്‍ പ്രേക്ഷകര്‍ക്ക് ആസ്വാദനത്തിന്റെ സുന്ദര നിമിഷങ്ങള്‍ സമ്മാനിക്കുന്നുണ്ട് ‘ഭൂമിയിലെ മനോഹര സ്വകാര്യം’.