വനിതാ ദിനത്തിൽ സ്ത്രീകൾക്കായി സൗജന്യ പ്രദർശനം ഒരുക്കി ‘കപ്പേള’

March 8, 2020

അന്ന ബെൻ, റോഷൻ മാത്യു എന്നിവരെ നായികാ നായകന്മാരാക്കി മുഹമ്മദ് മുസ്തഫ ഒരുക്കിയ ‘കപ്പേള’ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. വളരെ കാലിക പ്രസക്തമായ വിഷയം കൈകാര്യം ചെയ്യുന്ന ചിത്രം വനിതാദിനത്തോടനുബന്ധിച്ച് സ്ത്രീകൾക്കായി സൗജന്യ പ്രദർശനം ഒരുക്കിയിരിക്കുകയാണ്.

ഉച്ചക്ക് 12.45 ന്റെ ഷോയ്ക്കാണ് സ്ത്രീകൾക്ക് സൗജന്യ പ്രദർശനം ഒരുക്കിയിരിക്കുന്നത്. ഇടപ്പള്ളി വനിതാ, വിനീത തിയേറ്ററുകളിലാണ് ഈ അവസരം സ്ത്രീകൾക്കായി ഒരുക്കിയിരിക്കുന്നത്.

Read More:‘ഫേസ്ബുക്ക് എന്നെ യന്ത്രമനുഷ്യനായി തെറ്റിദ്ധരിച്ചു ബ്ലോക്ക് ചെയ്തുകളഞ്ഞു!’- രസകരമായ അനുഭവം പങ്കുവെച്ച് ശ്രീനിവാസൻ

വിഷ്ണു വേണുവാണ് ‘കപ്പേള’യുടെ നിര്‍മാണം. ചിത്രത്തിന് സംഗീതം പകരുന്നത് സുഷിന്‍ ശ്യാം ആണ്. മുഹമ്മദ് മുസ്തഫയ്‌ക്കൊപ്പം നിഖില്‍ വാഹിസ്, സുദാസ് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രം നിർമിക്കുന്നത് കഥാസ് അണ്‍ടോള്‍ഡ് ആണ്. ജിംഷി ഖാലിദ് ആണ് ഛായാഗ്രഹണം.

അന്ന ബെന്നിനും റോഷനുമൊപ്പം ശ്രീനാഥ് ഭാസിയും ചിത്രത്തില്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ശ്രീനാഥ് ഭാസി വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘കപ്പേള’യ്ക്കുണ്ട്. തന്‍വി റാം, സുധി കോപ്പ, ജാഫര്‍ ഇടുക്കി തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.