‘ചെല്ലക്കിളി നില്ല്, പറയട്ടേ…; ഒരുമിച്ച് നിന്നാല്‍ പിന്നെ നമുക്കെന്തര് കൊറോണ’: ട്രോള്‍ വീഡിയോയിലൂടെ മുന്‍കരുതല്‍ നിര്‍ദേശങ്ങളുമായി കേരളാ പൊലീസ്

March 10, 2020

ലോകത്തെ വിട്ടൊഴിഞ്ഞിട്ടില്ല കൊറോണ ഭീതി. കൊറോണ വൈറസ് ബാധ മൂലം ലോകത്താകമാനം മരണപ്പെട്ടവരുടെ എണ്ണം 4011 ആയി. 100-ലധികം രാജ്യങ്ങളിലായി ഒരു ലക്ഷത്തിലധികം ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചു. അറുപതിനായിരത്തിലധികം ആളുകളുടെ രോഗം ഭേദമായിട്ടുണ്ട്. അതേസമയം കൊറോണയെ ഭയക്കുകയല്ല ജാഗ്രതയും കരുതലുമാണ് വേണ്ടത്. വൈറസ് ബാധ പിടിപെടാതിരിക്കുന്നതിനുവേണ്ടി ചില മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ട്. ഇത്തരം മുന്‍കരുതലുകള്‍ ഒരു ട്രോള്‍ വീഡിയോയിലൂടെ പങ്കുവെച്ചിരിക്കുകയാണ് കേരളാ പൊലീസ്.

”പറഞ്ഞിരിക്കുന്ന സംഗതി ഗൗരവമേറിയതാണ്. എന്നിരുന്നാലും പരമാവധി പേരിലേക്ക് ഈ കാര്യങ്ങള്‍ എത്തുന്നതിലേക്കായാണ് ഞങ്ങള്‍ ഈ വിഷയം പറയാന്‍ തമാശയുടെ മേമ്പൊടി ചേര്‍ത്തിരിക്കുന്നത്. വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് പോസ്റ്റ് പരമാവധി പേരിലേക്കെത്തിക്കുക” എന്നു കുറിച്ചുകൊണ്ടാണ് കേരളാ പൊലീസ് വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.

കൊറോണയുടെ പശ്ചാത്തലത്തില്‍ കേരളവും കനത്ത ജാഗ്രതയിലാണ്. കൊറോണ വൈറസ് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊതുജനങ്ങള്‍ക്ക് ഉണ്ടായേക്കാവുന്ന സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനായി എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചിട്ടുണ്ട്.

Read more: പായല് പിടിച്ച പണിതീരാത്ത വീടും തൊണ്ടിമുതല്‍ അന്വേഷിച്ച പൊലീസ് സ്റ്റേഷനും: ചെറുതല്ല ജ്യോതിഷ് ശങ്കറിന്റെ കരവിരുത്

പത്തനംതിട്ടയില്‍ അഞ്ച് പേര്‍ക്കും എറണാകുളത്ത് ഒരു കുട്ടിക്കും കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രവര്‍ത്തനങ്ങളും നടപടിക്രമങ്ങളും ശക്തമാക്കി. പത്തനംതിട്ടയില്‍ 5 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിന് പിന്നാലെ 07.03.2020ന് ഇറ്റലിയില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തിയ കണ്ണൂര്‍ സ്വദേശിയായ 3 വയസുള്ള കുട്ടിക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് 6 പേരാണ് കോവിഡ് 19 രോഗം ബാധിച്ച് ചികിത്സയിലുള്ളത്. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രി കെ കെ ഷൈലജ പറഞ്ഞു.