ഒരൊറ്റ സേഫ്റ്റി പിൻ മതി, തിരക്കുള്ള സ്ഥലങ്ങളിൽ വിലപിടിപ്പുള്ള ആഭരണങ്ങൾ സൂക്ഷിക്കാൻ; പോലീസ് ബുദ്ധിക്ക് കയ്യടിച്ച് ജനങ്ങൾ- വീഡിയോ

March 8, 2020

ആളുകൾ കൂടുന്ന ഉത്സവം, പെരുന്നാൾ പോലെയുള്ള ആഘോഷങ്ങളിൽ ഏറ്റവുമധികം കണ്ടുവരുന്ന ഒന്നാണ് മാലമോഷണം. സ്ത്രീകളും പുരുഷന്മാരുമൊക്കെ തിരക്കിനിടയിൽ അനുഭവിക്കുന്ന ഒന്നാണിത്. ബസ് യാത്രകളിലും ഇത്തരം സംഭവങ്ങൾ കാണാറുണ്ട്. ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന ചിത്രത്തിൽ മോഷണത്തിന്റെ ആ നിശബ്ദമായ ചലനങ്ങൾ നമ്മൾ കണ്ടിട്ടുമുണ്ട്.

എത്രത്തോളം ബോധവാന്മാരാണ് എന്ന് പറഞ്ഞാലും കഴുത്തിൽ കിടക്കുന്ന മാലയും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും മോഷണം പോയാൽ അറിയാൻ പ്രയാസമാണ്. എന്നാൽ ഈ പ്രശ്നത്തിന് നല്ലൊരു വഴിയുണ്ട്. വെറും സേഫ്റ്റി പിൻ മാത്രം മതി!

സേഫ്റ്റി പിൻ ഉപയോഗിച്ച് മാലയെ വസ്ത്രത്തിൽ കൊരുത്ത് സുരക്ഷിതമാക്കുന്ന വിധമാണ് പാലക്കാട് പോലീസ് കാണിച്ച് നൽകുന്നത്. ഇങ്ങനെ കൊരുത്തിട്ടാൽ മാല വലിക്കുന്നത് അറിയാൻ സാധിക്കും. ഒട്ടേറെ ആളുകളാണ് പോലീസ് നൽകുന്ന ഈ നിർദേശത്തിനു നന്ദിയും അഭിനന്ദനവും അറിയിക്കുന്നത്.