മരിച്ചുപോയ മകളെ എന്നും കണ്ടുകൊണ്ടിരിക്കാന്‍ അച്ചന്‍ മമ്മിയാക്കി; ഇതാ ലോകത്തിലെ ഏറ്റവും സുന്ദരമായ മമ്മി: വീഡിയോ

March 12, 2020

മരണത്തെ പലപ്പോഴും രംഗബോധമില്ലാത്ത കോമാളി എന്നാണല്ലോ വിശേഷിപ്പിക്കാറ്. ഒരു പരിധി വരെ ശരിയാണ്. അപ്രതീക്ഷിതമായ നേരത്താണ് അത്രമേല്‍ പ്രിയപ്പെട്ട ചിലരെ മരണം കവരുന്നത്. കണ്ടു കൊതി തീരും മുമ്പേ മരണം കവര്‍ന്ന പ്രിയപ്പെട്ട മകളെ മമ്മിയാക്കിയ ഒരു അച്ഛനുണ്ട്. നൂറ് വര്‍ഷങ്ങള്‍ പഴക്കം ചെന്നിട്ടും ഇന്നും ഈ മമ്മിക്ക് ഒരു കേടുപാടുകളുമില്ല എന്നതാണ് കൗതുകകരം.

റൊസാലിയ ലൊംബാര്‍ഡോ എന്ന കുട്ടിയുടേതാണ് ഈ മമ്മി. ലോകത്തിലെ ഏറ്റവും സുന്ദരവും സുരക്ഷിതവുമായ മമ്മി എന്നാണ് ഈ മമ്മി അറിയപ്പെടുന്നതുതന്നെ. സിസിലിയിലെ കപ്പൂച്ചിന്‍ കാറ്റാകോംബസ് ഓഫ് പലേര്‍മോയിലാണ് ‘സ്ലീപ്പിങ് ബ്യൂട്ടി’ എന്ന് വിശേഷിപ്പിക്കുന്ന മമ്മി സൂക്ഷിച്ചിരിക്കുന്നത്.

Read more: പായല് പിടിച്ച പണിതീരാത്ത വീടും തൊണ്ടിമുതല്‍ അന്വേഷിച്ച പൊലീസ് സ്റ്റേഷനും: ചെറുതല്ല ജ്യോതിഷ് ശങ്കറിന്റെ കരവിരുത്

ഇറ്റലിയിലെ ഒരു സമ്പന്ന കുടുംബത്തില്‍ 1918 ഡിസംബര്‍ 13നായിരുന്നു റൊസാലിയയുടെ ജനനം. എന്നാല്‍ രണ്ട് വയസ്സ് തികയുന്നതിന് മുമ്പേ രോഗം ബാധിച്ച് റൊസാലിയ മരണത്തിന് കീഴടങ്ങി. മകളുടെ വേര്‍പാട് സഹിക്കാനാകാതെ പിതാവ് മാരിയോ ലൊംബാര്‍ഡോ മൃതദേഹം എംബാം ചെയ്ത് വയ്ക്കാന്‍ തീരുമാനിച്ചു.

ആല്‍ഫ്രെഡോ സലാഫിയ എന്ന വ്യക്തിയാണ് പ്രത്യേക രാസപദാര്‍ത്ഥങ്ങളുടെ സഹായത്തോടെ റൊസാലിയയുടെ മൃതദേഹം എംബാം ചെയ്തത്. റൊസാലിയ മരിച്ചിട്ട് നൂറ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇന്നും ഈ മൃതദേഹത്തിന് കേടുപാടുകളില്ല. അതേസമയം അടുത്ത കാലത്ത് എംബാം ചെയ്തുവെച്ചിരിക്കുന്ന റൊസാലിയയുടെ മൃതദേഹം കണ്ണു തുറന്നു എന്ന തരത്തില്‍ ചില വീഡിയോകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ റൊസാലിയയുടെ കണ്ണുകളില്‍ പ്രകാശം പതിയ്ക്കുമ്പോള്‍ ഉണ്ടാകുന്ന തോന്നലാണിതെന്ന് അധികൃതരും വിശദീകരണം നല്‍കിയിരുന്നു.