‘നീയും ഞാനും…’ ശ്രദ്ധനേടി ‘സുമേഷ് ആൻഡ് രമേഷി’ലെ ഗാനം

March 7, 2020

ശ്രീനാഥ് ഭാസിയും ബാലു വർഗീസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘സുമേഷ് ആൻഡ് രമേഷ്’. തിരക്കഥാകൃത്ത് സനൂപ് തൈക്കൂടം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു മനോഹരഗാനം പുറത്തുവിട്ടിരിക്കുന്നത് അണിയറപ്രവർത്തകർ. ‘നീയും ഞാനും’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികൾ തയാറാക്കിയിരിക്കുന്നത് വിനായക് ശശികുമാറാണ്. യാക്‌സാന്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവര്‍ ചേര്‍ന്നാണ് സംഗീതമൊരുക്കുന്നത്. നേഹ നായർ, സംഗീത എന്നിവരാണ് ആലാപനം.

വൈറ്റ്‌സാന്‍ഡ് മീഡിയ ഹൗസ് പ്രൊഡക്ഷന്റെ ബാനറില്‍ ഫരീദ് ഖാനും കെ എൽ 7 എന്റര്‍ടെയ്ന്‍മെന്റ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിന്റെ ടീസറിനും മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്തിറങ്ങിയിരുന്നു. നാട്ടിൻപുറത്തെ ചെറുപ്പക്കാരായാണ് ശ്രീനാഥും ബാലുവും ചിത്രത്തിൽ എത്തുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഇരുവരും ക്രിക്കറ്റ് കളിക്കുന്ന ചിത്രമാണ് നൽകിയിരിക്കുന്നത്.

ഒരു സാധാരണ കുടുംബചിത്രമാണ് സുമേഷ് ആൻഡ് രമേഷ്. ഹാസ്യത്തിന് പ്രാധാന്യം നൽകിയിരിക്കുന്ന ചിത്രത്തിൽ നാട്ടിൻ പുറത്തെ വീടുകളിൽ സാധാരണ സംഭവിക്കാറുള്ള രസകരമായ സംഭവങ്ങളാണ് പറയുന്നത്. ശ്രീനാഥിനും ബാലുവിനും പുറമെ പ്രവീണയും സലീം കുമാറും ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളായി എത്തുന്നുണ്ട്. സുമേഷിന്റെയും രമേഷിന്റേയും മാതാപിതാക്കളായാണ് ഇരുവരും ചിത്രത്തിൽ വേഷമിടുന്നത്.

Read also:  ജ്വലിക്കുന്ന അഗ്നിപര്‍വ്വതത്തിനു മുകളിലൂടെ ഒരു ‘ഞാണിന്മേല്‍ക്കളി’; അത്ഭുതപ്പെടുത്തും ഈ ദൃശ്യങ്ങള്‍: വീഡിയോ

സനൂപ് തൈക്കൂടവും ജോസഫ് വിജേഷും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.