‘അപ്പോഴാണ് എനിക്ക് മനസിലായത്, അദ്ദേഹത്തിന്റെ പേരിൽ മാത്രമല്ല നെഞ്ചിലും എനിക്ക് ഇടം ഉണ്ടെന്ന്. നന്ദി നൻപാ..’- വിജയ് സേതുപതിക്ക് ഹൃദയം തൊട്ട നന്ദിയുമായി വിജയ്

March 16, 2020

ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടന്നതോടെ നടൻ വിജയ് ഒട്ടേറെ പ്രതിസന്ധികളിലൂടെയാണ് കടന്നുപോയത്. എന്നാൽ ഒടുവിൽ വിജയ് കുറ്റവിമുക്തനാണെന്നാണ് വിധി വന്നത്. ഇപ്പോൾ ‘മാസ്റ്റർ’ സിനിമയുടെ ഓഡിയോ ലോഞ്ചിൽ അനുഭവിച്ച വെല്ലുവിളികളെ കുറിച്ച് സംസാരിക്കുകയാണ് വിജയ്. വളരെ വൈകാരികമായാണ് വിജയ് സംസാരിച്ചത്.

‘എനിക്ക് എന്റെ പഴയ ജീവിതം തിരിച്ചു വേണം.ആ ജീവിതത്തിൽ സമാധാനം ഉണ്ടായിരുന്നു. റെയ്ഡും കസ്റ്റഡിയിൽ പോകുന്നതും മുതലായ കാര്യങ്ങളും ആ ജീവിതത്തിൽ എനിക്ക് നേരിടേണ്ടി വന്നിട്ടില്ല. ജീവിതത്തിൽ മറക്കാനാകാത്ത നിമിഷങ്ങളായിരുന്നു അത്. എന്റെ ആരാധകരോട് ഒന്നേ പറയാനൊള്ളൂ, വേറെ ലെവൽ’- വിജയ് പറയുന്നു.

വിജയ് സേതുപതിയാണ് ചിത്രത്തിൽ വിജയ്‌യുടെ വില്ലനായി എത്തുന്നത്. വിജയ് പ്രതിസന്ധിയിൽ നിന്നപ്പോൾ വിജയ് സേതുപതിയുടെ പിന്തുണ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. വിജയ് സേതുപതിയെ കുറിച്ചും വിജയ് മനസ് തുറന്നു.

‘ചെറിയ വേഷങ്ങളിലൂടെ എത്തി ഇന്ന് പ്രേക്ഷകരുടെ ഇടയിൽ തന്റേതായ ഇടം കണ്ടെത്തിയ ഒരാൾ തമിഴ് സിനിമയിൽ ഉണ്ടെങ്കിൽ അത് വിജയ് സേതുപതിയാണ്. അദ്ദേഹത്തിന് ഈ സിനിമയിൽ വില്ലനായി അഭിനയിക്കേണ്ട യാതൊരു കാര്യവുമില്ല.

എന്തിനാണ് ഈ ചിത്രത്തിൽ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെ അഭിനയിക്കാൻ മനസ്സുവന്നതെന്ന് എനിക്ക് തന്നെ അദ്ദേഹത്തിനോട് ചോദിക്കണമെന്നുണ്ടായിരുന്നു. കാരണം അവരുടെ സിനിമകൾക്ക് വലിയൊരു ബിസിനസ് ഉണ്ട്. അത് ഞാൻ ചോദിച്ചു.എന്തിനാണ് അങ്ങനെ തിരഞ്ഞെടുത്തത്? വലുതായി എന്തോ പറയാനുണ്ടെന്ന് വിചാരിച്ച എന്നെ വെറും നാല് വാക്കുകളിൽ അദ്ദേഹം അദ്ഭുതപ്പെടുത്തി. എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടമാണ്’, ഇതായിരുന്നു മറുപടി. അപ്പോഴാണ് എനിക്ക് മനസിലായത്, അദ്ദേഹത്തിന്റെ പേരിൽ മാത്രമല്ല നെഞ്ചിലും എനിക്ക് ഇടം ഉണ്ടെന്ന്. നന്ദി നൻപാ..’