പറഞ്ഞുതീരാത്ത കോടമ്പാക്ക അനുഭവങ്ങളുടെ അവതരണവുമായി ബാലചന്ദ്ര മേനോന്‍; “filmy Fridays” SEASON 2 നാളെ മുതല്‍

April 17, 2020

സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെയും പുതുമ നിറഞ്ഞ രചനാവൈഭവം കൊണ്ടും ആസ്വാദകഹൃദയങ്ങളില്‍ ഇടം നേടിയതാണ് ബാലചന്ദ്രമേനോന്‍. മലയാളികള്‍ക്ക് ആസ്വാനത്തിന്റെ പുതിയ ഭാവങ്ങള്‍ സമ്മാനിക്കാനൊരുങ്ങുകയാണ് “filmy Fridays” എന്ന പരിപാടിയിലൂടെ താരം. അലങ്കാരങ്ങളുടെ പൊടിപ്പും തൊങ്ങലും വെച്ച് അപഹരിക്കപ്പെടാത്ത പച്ചയായ ജീവിതാനുഭവങ്ങളുടെ അവതരണമാണ് ഈ പരിപാടിയിലൂടെ പ്രേക്ഷകരിലേക്കെത്തുക.

ബാലചന്ദ്രമേനോന്റെ കോടമ്പാക്ക അനുഭവങ്ങള്‍ ആസ്പദമാക്കിയുള്ള വിഷ്വല്‍ നോവനാലായ “filmy Fridays” SEASON 2 നാളെ(ഏപ്രില്‍ 18) മുതല്‍ ആരംഭിക്കും. തുടര്‍ന്നുള്ള എല്ലാ വെള്ളിയാഴ്ചകളിലും പ്രേക്ഷകര്‍ക്ക് അനുഭവകഥകള്‍ ആസ്വദിക്കാം.

“filmy Fridays”-ന്‍റെ ആദ്യ സീസണ് മികച്ച പ്രേക്ഷകസ്വീകാര്യത ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടാമത്തെ സീസണുമായി ബാലചന്ദ്രമേനോന്‍ വീണ്ടും സജീവമാകുന്നത്. എല്ലാ വെള്ളിയാഴ്ചകളിലും വൈകിട്ട് ഏഴ് മണിക്കായിരിക്കും വിഷ്വല്‍ നോവല്‍ യുട്യൂബില്‍ പങ്കുവയ്ക്കപ്പെടുക.

വെള്ളിത്തിരയില്‍ ബാലചന്ദ്രമേനോന്‍ അവിസ്മരണീയമാക്കിയ കഥാപാത്രങ്ങള്‍ നിരവധിയാണ്. നടന്‍ എന്നതിലുപരി സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ നിലകളും താരം ശ്രദ്ധേയനായി. 1998-ല്‍ ബാലചന്ദ്രമേനോന്‍ സംവിധാനം നിര്‍വഹിച്ച സമാന്തരങ്ങള്‍ എന്ന ചിത്രത്തിലെ ഇസ്മയില്‍ എന്ന കഥാപാത്രം പ്രേക്ഷക ഹൃദയങ്ങളില്‍ ഇന്നും കുടിയിരിപ്പുണ്ട്. ഈ കഥാപാത്രത്തിന് മികച്ച നടനുള്ള ദേശിയ പുരസ്‌കാരവും താരത്തെ തേടിയെത്തി.

നവമാധ്യമരംഗത്തും പ്രതിഭ തെളിയിച്ച ബാലചന്ദ്രമേനോന്‍ അനുഭവ കഥകളുമായി വീണ്ടും പ്രേക്ഷകരിലേക്കെത്തുമ്പോള്‍ മലയാളികള്‍ക്ക് ഹൃദയത്തില്‍ കുറിച്ചിടാന്‍ ഒരുപാടുണ്ടുകും. അത്രമേല്‍ പവിത്രതയോടെയാണ് “filmy Fridays”-ന്‍റെ ആദ്യ സീസണ്‍ പ്രേക്ഷകരിലേയ്ക്ക് എത്തിയത്. പുതിയ സീസണിലൂടെ പുത്തന്‍ അറിവകളും കാഴ്ചപ്പാടുകളും ആസ്വാദകര്‍ക്ക് സമ്മാനിയ്ക്കാനാണ് ബാലചന്ദ്ര മേനോന്റെ പരിശ്രമം.