‘മറിയേടമ്മേടെ ആട്ടിന്‍കുട്ടി’യ്ക്ക് പുതിയ ദൃശ്യാവിഷ്‌കാരം’; ലോക്ക് ഡൗൺ കാലത്തെ ഒരു സ്റ്റാർ മാജിക് അപാരത: ചിരിയും ചിന്തയുമായി ഒരു വീഡിയോ

April 28, 2020

ഫ്ളവേഴ്‌സ് സ്റ്റാര്‍ മാജിക് വേദികളിലൂടെ പ്രേക്ഷകരിലെത്തി ഇന്ന് ലോകം മുഴുവനുമുള്ള മലയാളികൾ ഏറ്റുപാടുന്ന പാട്ടാണ് തങ്കച്ചൻ വിതുരയുടെ ‘മറിയേടമ്മേടെ ആട്ടിന്‍കുട്ടി’. ഇപ്പോഴിതാ ഈ ഗാനത്തിന് ദൃശ്യാവിഷ്കാരവുമായി എത്തുകയാണ് സ്റ്റാര്‍ മാജിക് ടീം. കൊവിഡ്- 19 പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ വീടുകളിൽ കഴിയുന്ന താരങ്ങൾ തങ്ങളുടെ വിരസത മാറ്റാൻ ചെയ്യുന്ന പുതിയ ടാസ്കുകൾ കോർത്തിണക്കിയാണ് വീഡിയോ തയാറാക്കിയിരിക്കുന്നത്.

രസകരമായ ടാസ്കുകളുമായി എത്തുന്ന സ്റ്റാർ മാജിക് ടീം കൗതുകത്തിനൊപ്പം വീടുകളിൽ വെറുതെ ഇരിക്കുന്നവരുടെ ബോറടിമാറ്റുകയുമാണ് ഈ വീഡിയോയിലൂടെ ലക്‌ഷ്യം വയ്ക്കുന്നത്. ഒപ്പം സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയും പറഞ്ഞുവയ്ക്കുന്നുണ്ട്.

നൃത്ത ചുവടുകളുമായി എത്തുന്ന സ്വാസികയിൽ തുടങ്ങി പാചക പരീക്ഷണങ്ങളുമായി അടുക്കളയിൽ ചുറ്റിത്തിരിയുന്ന അർച്ചനയിലാണ് വീഡിയോ അവസാനിക്കുന്നത്. ഐശ്വര്യ, മാൻവി, അനുമോൾ, ഡയാന, ജസീല, അമൃത, റിനി തുടങ്ങിയ താരങ്ങളും വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. വ്യത്യസ്ത സ്ഥലങ്ങളിൽ ഇരുന്ന് ചിത്രീകരിച്ച ഈ വീഡിയോ സാമൂഹിക അകലം പാലിച്ചുകൊണ്ടുതന്നെയാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. താരങ്ങൾ തന്നെയാണ് ഈ വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നതെന്നതും ഏറെ ശ്രദ്ധേയമാണ്.

തകർപ്പൻ കോമഡികൾക്കൊപ്പം രസകരമായ ഗെയിമുകളും അരങ്ങേറുന്ന സ്റ്റാർ മാജിക് മലയാള ടെലിവിഷൻ രംഗത്ത് ചിരിയുടെ പൂരകാഴ്ചകളാണ് സൃഷ്ടിക്കുന്നത്.