പർവതനിരകൾ താണ്ടി മഞ്ജു വാര്യർ; ‘കയറ്റം’ ഉടൻ
മലയാള ചലച്ചിത്രലോകത്തെ ശ്രദ്ധേയമായ താരമാണ് മഞ്ജു വാര്യര്‍. 1995ല്‍ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലൂടെയായിരുന്നു ചലച്ചിത്ര രംഗത്തേക്കുള്ള മഞ്ജു വാര്യരുടെ അരങ്ങേറ്റം. തുടര്‍ന്ന് സല്ലാപം എന്ന ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് വെള്ളിത്തിരയില്‍ ശ്രദ്ധേയമായി.
ഒരുകാലത്ത് സിനിമയില്‍ നിറഞ്ഞു നിന്ന താരം പിന്നീട് കുറേ കാലത്തേക്ക് വെള്ളിത്തിരയില്‍ അത്ര സജീവമായിരുന്നില്ല. പിന്നീട് 2014 ല്‍ മെയ് മാസം തീയറ്ററുകളിലെത്തിയ ‘ഹൗ ഓള്‍ഡ് ആര് യു’ എന്ന ചിത്രത്തിലൂടെ മഞ്ജു വാര്യര്‍ വീണ്ടും സിനിമയില്‍ സജീവമായി.
അതേസമയം മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘കയറ്റം’. സനല്‍ കുമാര്‍ ശശിധരനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. സിനിമയുടെ ചിത്രീകരണം നേരത്തെ പൂര്‍ത്തിയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ഒരു ഹിമാലയന്‍ ട്രക്കിംഗിനു വേണ്ട കോസ്റ്റ്യൂമിൽ മഞ്ജുവാര്യർ പ്രത്യക്ഷപ്പെടുന്നതാണ് പുതിയ പോസ്റ്റർ. ചിത്രം ഉടൻ റിലീസ് ചെയ്യുമെന്ന സൂചനയും പോസ്റ്റർ മുന്നോട്ട് വയ്ക്കുന്നുണ്ട്.
അപകടം നിറഞ്ഞ ഹിമാലയൻ പർവതനിരകളിലൂടെയുള്ള ട്രക്കിംഗ് പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മഞ്ജു വാര്യർക്ക് പുറമെ വേദ് വൈബ്സ്, പുതുമുഖം ഗൗരവ് രവീന്ദ്രൻ എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളായെത്തുന്നു. അതിന് പുറമെ സുജിത് കോയിക്കൽ, രതീഷ് ഈറ്റില്ലം, ദേവനാരായണൻ, സോനിത് ചന്ദ്രൻ, ആസ്ത ഗുപ്ത, അഷിത, നന്ദു ഠാക്കൂർ, ഭൂപേന്ദ്ര ഖുറാന എന്നിവരും അഭിനയിയ്ക്കുന്നുണ്ട്.
Read also:കെപിഎസി ലളിതയ്ക്ക് ഒരു പിന്മുറക്കാരിയോ..; ഭാവാഭിനയത്തിൽ അതിശയിപ്പിച്ച് കുഞ്ഞുമിടുക്കി, വിഡീയോ
ചിത്രത്തിനുവേണ്ടി തയാറാക്കിയ അഹർസംസ എന്ന ഭാഷയാണ് സിനിമയുടെ മറ്റൊരു സവിശേഷത. ഈ ഭാഷയിൽ കയറ്റം എന്നർത്ഥം വരുന്ന ‘അഹർ’ ആണ് ചിത്രത്തിന്റെ ടൈറ്റിൽ ആയി നൽകിയിരിക്കുന്നത്.
Story Highlights: manju warrier starring kayattam poster