ജനിച്ചയുടൻ പാറക്കെട്ടിൽ നിന്നും താഴേക്ക് ചാടി വാത്ത കുഞ്ഞുങ്ങൾ; സാഹസീക വീഡിയോ

June 30, 2020
artic geese

കൗതുകം നിറഞ്ഞതും രസകരമായതുമായ ചിത്രങ്ങൾക്ക് പുറമെ സാഹസീക വീഡിയോകൾക്കും കാഴ്ചക്കാർ നിരവധിയാണ്. ഇപ്പോഴിതാ ജനിച്ചയുടൻ സാഹസീകതയ്ക്ക് മുതിരേണ്ടിവരുന്ന ഒരു കൂട്ടം പക്ഷികുഞ്ഞുങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

ആർട്ടിക് മേഖലയിൽ ജീവിക്കുന്ന ബെർണാക്കിൾ വാത്തകളാണ് ജനിച്ചു വീഴുന്ന ഉടൻ സാഹസീകതയ്ക്ക് മുതിരേണ്ടിവരുന്നത്. ജനിച്ചയുടൻ തന്നെ വലിയ പാറക്കെട്ടിന് മുകളിൽ നിന്ന് നൂറ് കണക്കിന് അടി താഴേക്ക് ചാടി രക്ഷപ്പെട്ടാൽ മാത്രമേ ഇവയ്ക്ക് തുടർന്ന് ജീവിക്കാൻ സാധിക്കുകയുള്ളു. ഇരപിടിയന്മാരെ പേടിച്ചും ആർട്ടിക്കിലെ താപനിലയിൽ മുട്ടകൾ സൂക്ഷിക്കുന്നതിനുള്ള ബുദ്ധിമുട്ടും കണക്കിലെടുത്താണ് ഇവ പാറക്കെട്ടിന് മുകളിൽ മുട്ടകൾ സൂക്ഷിക്കുന്നത്.

Read also: മഹാദുരന്തത്തിന്റെ അവശേഷിപ്പുകൾ ബാക്കിയാക്കിയ ചെർണോബിൽ നഗരത്തെ ഭീതിയിലാക്കി കൂൺ മേഘങ്ങൾ, അപൂർവ പ്രതിഭാസത്തിന് പിന്നിൽ…

പാറക്കെട്ടുകളിൽ മുട്ടയ്ക്ക് അടയിരുന്ന ശേഷം ഇവയ്ക്ക് തിരികെ പാറക്കെട്ടുകൾക്ക് താഴെയെത്തിവേണം ഭക്ഷണം കണ്ടെത്തുവാൻ. എന്നാൽ കുഞ്ഞുങ്ങൾ ജനിച്ച ശേഷം പാറക്കെട്ടുകളിൽ തുടരുക ഇവയ്ക്ക് അസാധ്യമാണ്. അതിനാൽ ജനിച്ച് ആദ്യ ദിവസം തന്നെ കുഞ്ഞുങ്ങളെ താഴെയെത്തിക്കുകയാണ് വാത്തകളുടെ ലക്ഷ്യം.

കുഞ്ഞുങ്ങൾക്ക് വഴി കാട്ടാനായി ആദ്യം ഇണകൾ താഴേക്ക് ചാടും. ഇവയ്ക്ക് പിറകെ കുഞ്ഞുവാത്തകളും താഴേക്ക് ചാടും. എന്നാൽ വലിയ പാറക്കെട്ടുകളിൽ നിന്നും താഴേക്ക് ചാടുക എന്നത് കുഞ്ഞു വാത്തകളെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇവയ്ക്ക് തീരെ ഭാരം കുറവായതിനാൽ താഴേക്ക് വന്ന് പതിക്കുമ്പോൾ ജീവൻ നഷ്ടപ്പെടാനുള്ള സാധ്യതകളും ഏറെയാണ്. ചാട്ടത്തിനിടെ പാറക്കെട്ടുകളിൽ ഇടിച്ച് അപകടം സംഭവിക്കാറുമുണ്ട്.

ജൂൺ, ജൂലൈ മാസങ്ങളിലാണ് വാത്തകൾക്ക് കുഞ്ഞുങ്ങൾ ജനിക്കുന്നത്.

Story Highlights: Arctic Geese Chicks Jump Off Cliff to Survive