ശത്രുക്കളില്‍ നിന്നും രക്ഷനേടാന്‍ ശരീരം ഭംഗിയായ അലങ്കരിച്ചു നടക്കുന്ന ഞണ്ടുകള്‍

June 29, 2020
Decorator crabs use materials from their environment to hide

ഭൂമിയിലെ കാഴ്ചകള്‍ പലപ്പോഴും നമ്മുടെ ചിന്തകള്‍ക്കും വര്‍ണ്ണനകള്‍ക്കുമൊക്കെ അതീതമാണ്. അപൂര്‍വ്വവും കൗതുകവുമായ ഒട്ടനവധി ജീവജാലങ്ങളുമുണ്ട് നമുക്ക് ചുറ്റും. ഇത്തരത്തില്‍ ഏറെ കൗതുകം നിറഞ്ഞ ഒരു ജീവിയാണ് ഡെക്കറേറ്റര്‍ ക്രാബ്‌. ശത്രുക്കളില്‍ നിന്നും രക്ഷ നേടാന്‍ ശരീരം മനോഹരമായി അലങ്കരിച്ചു നടക്കുന്ന ഈ ഞണ്ടുകള്‍ പ്രകൃതിയില്‍ തന്നെ അതിശയകരമാണ്.

മജോയ്ഡിയ എന്ന വര്‍ഗത്തില്‍പ്പെട്ട ചിലയിനം ഞണ്ടുകളാണ് ശരീരം ഇങ്ങനെ അലങ്കരിച്ച് നടക്കുന്നത്. ഡെക്കറേറ്റര്‍ ക്രാബ്‌സിന്റെ ശരീരത്തിന്റെ പുറം ഭാഗത്തായി ചെറിയ കുറ്റി രേമങ്ങളുണ്ട്. പശപശപ്പോടു കൂടിയ ഈ രോമങ്ങള്‍ ഉപയോഗിച്ച് ഈ ഞണ്ടുകള്‍ സമീപത്തുള്ള ചില ചെറിയ വസ്തുക്കള്‍ ശരീരത്തില്‍ ഒട്ടിപ്പിടിപ്പിക്കുന്നു. അതും ആര്‍ക്കും തിരിച്ചറിയാന്‍ സാധിക്കാത്ത വിധത്തില്‍.

Read more: തകര്‍പ്പന്‍ സ്മാഷ്; പക്ഷികളുടെ ബാസ്‌കറ്റ് ബോള്‍ മത്സരം ഹിറ്റ്‌

ആഴക്കടലിലെ സസ്യങ്ങളേയും പായലുകളേയുമെല്ലാം ഡെക്കറേറ്റര്‍ ക്രാബ്‌സ് ഇത്തരത്തില്‍ ശരീരത്തിലെ പുറംതോടിനോട് ചേര്‍ത്തുവയ്ക്കുന്നു. എന്തിനേറെ ചിലപ്പോള്‍ കടലിലെ ചെറു പ്രാണികള പോലും ഈ ഞണ്ടുകള്‍ ശരീരത്തോട് ചേര്‍ത്തു വയ്ക്കാറുണ്ട്. ഇരപിടിക്കാന്‍ വരുന്ന ശത്രുക്കളില്‍ നിന്നും രക്ഷ നേടാനാണ് ഡെക്കറേറ്റര്‍ ക്രാബ്‌സ് ഇങ്ങനെ ശരീരം അലങ്കരിച്ച് നടക്കുന്നത്.

എന്നാല്‍ കണ്ണില്‍ കാണുന്നതെല്ലാം പെട്ടെന്നങ്ങ് ശരീരത്തില്‍ ചേര്‍ക്കുകയില്ല ഡെക്കറേറ്റര്‍ ക്രാബ്‌സ്. വേണ്ട വസ്തുക്കള്‍ ശ്രദ്ധയില്‍ പെട്ടാല്‍ മുന്‍കാലുകള്‍ കൊണ്ട് അവയ്ക്ക് ചില മാറ്റങ്ങള്‍ വരുത്തും. അതിനുശേഷമാണ് കുറ്റിരോമങ്ങളില്‍ പതിപ്പിച്ചു വയ്ക്കുന്നത്. വസ്തുക്കള്‍ തെരഞ്ഞെടുക്കുമ്പോള്‍ അവയുടെ ഗുണനിലവാരവും ശ്രദ്ധിക്കാറുണ്ട് ഈ ഞണ്ടുകള്‍ എന്നതാണ് മറ്റൊരു കൗതുകം.

Story highlights: Decorator crabs use materials from their environment to hide