രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 2.7 ലക്ഷം കടന്നു

June 10, 2020
new Covid cases reported in Kerala

മാസങ്ങളായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുമ്പോഴും ഇന്ത്യയില്‍ കൊവിഡ് ഭീതി വിട്ടൊഴിഞ്ഞിട്ടില്ല. കൊറോണ വൈറസ് വ്യാപനം പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല രാജ്യത്ത്. അതുകൊണ്ടുതന്നെ രോഗികളുടെ എണ്ണവും വര്‍ധിച്ചുവരുന്നു. ദിവസേനയുള്ള കൊവിഡ് കേസുകളിലെ വര്‍ധനവും ആശങ്കയുണര്‍ത്തുന്നതാണ്. ഇതുവരെ ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2.7 ലക്ഷം പിന്നിട്ടു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 9985 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ച്ചയായ എട്ടാം ദിവസമാണ് 9000-ല്‍ അധികം പോസിറ്റീവ് കേസുകള്‍ ഒരു ദിവസംതന്നെ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ 2,76,583 ആയി ഉയര്‍ന്നു രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം.

24 മണിക്കൂറിനുള്ളില്‍ 279 കൊവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കൊവിഡ് മൂലം മരണത്തിന് കീഴടങ്ങേണ്ടി വന്നവരുടെ എണ്ണം 7745 ആയി ഉയര്‍ന്നു. നിലവില്‍ 1,33,632 രോഗികള്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. 1,35,206 പേര്‍ രോഗത്തില്‍ നിന്നും മുക്തരായി.

അതേസമയം മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്നു. കൊറോണ വൈറസ് രോഗവ്യാപനത്തിന്റെ പ്രഭവ കേന്ദ്രമായിരുന്ന ചൈനയിലെ വുഹാനെ മറികടന്നിരിയ്ക്കുകയാണ് രോഗബാധിതരുടെ എണ്ണത്തില്‍ മുംബൈ. മുംബൈയില്‍ മാത്രം ഇതിനോടകം തന്നെ 51,100 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 50,333 കൊവിഡ് കേസുകളായിരുന്നു വുഹാനില്‍ റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 90,000 പിന്നിട്ടു. 90,787 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

Story highlights: Latest updates covid 19 cases in India