‘ഇന്ന് ഒരു സിനിമ FDFS കാണാന്‍ പോകുകയാണ് , പക്ഷെ ഒരിക്കലും സന്തോഷത്തോടെയല്ല’-‘ദിൽ ബേചാര’യെ കുറിച്ച് ആന്റണി വർഗീസ്

July 24, 2020

സുശാന്ത് സിംഗ് രാജ്പുത് അവസാനമായി അഭിനയിച്ച ‘ദിൽ ബേചാര’ ഡിസ്നി ഹോട്സ്റ്റാറിലൂടെ ആരാധകരിലേക്ക് എത്തിയിരിക്കുകയാണ്. ആരാധകർക്കൊപ്പം തന്നെ താരങ്ങളും വളരെ പ്രതീക്ഷയോടെയാണ് സുശാന്തിന്റെ ചിത്രം കാണുന്നത്. എന്നാൽ ആദ്യമായി ഒരു ചിത്രം ആദ്യ ഷോ കാണാൻ വളരെ ദുഃഖത്തോടെയിരിക്കുന്നുവെന്ന് പറയുകയാണ് നടൻ ആന്റണി വർഗീസ്. സുശാന്തിനോടുള്ള ആരാധനയെ കുറിച്ചും ഫേസ്ബുക്കിലൂടെയാണ് ആന്റണി വർഗീസ് പങ്കുവെച്ചത്.

ആന്റണി വർഗീസിന്റെ വാക്കുകൾ

ഒരുപാട് സിനിമകള്‍ ആദ്യ ദിവസം ആദ്യ ഷോ കാണാന്‍ പോയിട്ടുണ്ട് , അതൊക്കെ കാണാന്‍ പോകുമ്പോള്‍
ഭയങ്കര സന്തോഷമാണ്. പക്ഷെ, ഇന്ന് ഒരു സിനിമ FDFS കാണാന്‍ പോകുകയാണ്. പക്ഷെ, ഒരിക്കലും സന്തോഷത്തോടെയല്ല
കാണാന്‍ ഇരിക്കുന്നത്. സുശാന്ത് സിംഗ് രാജ്‌പുത്തിന്റെ ‘ദിൽ ബേചാര’യാണ് ആ സിനിമ. ഇനിയും ഒരുപാട് സിനിമകള്‍ അദ്ദേഹത്തിന്റെ FDFS കാണാന്‍ താൽപര്യം ഉണ്ടായിരുന്നു .പക്ഷെ, ഇങ്ങനെയാകും എന്ന് അറിഞ്ഞില്ല.
‘കൈപോച്ചേ’ ടിവിയില്‍ കണ്ടപ്പോള്‍ മുതല്‍ ആരാധന തുടങ്ങിയതാണ്. അത് പിന്നീട് ഓരോ സിനിമ കഴിയുന്തോറും കൂടി കൂടി വന്നു. അവസാനം ‘ചിച്ചോരേ’ നമ്മള്‍ എപ്പോഴെങ്കിലും ഒന്ന് ഡൗണ്‍ ആയാല്‍ ഇരുന്നുകാണും, ഒരു പോസിറ്റീവ് വൈബിനായി. സുശാന്ത് ഒരു ബോര്‍ഡില്‍ അദ്ദേഹത്തിന്റ ആഗ്രഹങ്ങള്‍ എഴുതിവച്ച ഒരു ഫോട്ടോ കണ്ടിട്ടാണ് ഞാനും അതുപോലെയൊന്ന് വാങ്ങി എന്‍റെ ആഗ്രഹങ്ങളെയും എഴുതിവച്ചതും. അത്രക്ക് ആരാധനയായിരുന്നു. എപ്പോഴും ഒരു ചിരിയോടെയല്ലാതെ അദ്ദേഹത്തിന്റെ ഒരു ഫോട്ടോ പോലും കണ്ടിട്ടില്ല. പക്ഷെ ഇങ്ങനെ യാകും എന്ന് പ്രതീക്ഷിച്ചില്ല.സിനിമയുള്ള കാലം താങ്കളെ ഓര്‍ക്കും. 

Read More:ഐ പി എൽ 2020: സെപ്റ്റംബർ 19ന് യു എ ഇയിൽ തുടക്കമാകും

‘ദ ഫോൾട്ട് ഇൻ ഔർ സ്റ്റാർസ്’ എന്ന ബോളിവുഡ് ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് ‘ദിൽ ബേചാര’. സഞ്ജന സാൻഗിയാണ് ചിത്രത്തിൽ സുശാന്തിന്റെ നായികയായി എത്തുന്നത്.

ടെലിവിഷൻ സീരിയലുകളിലൂടെ തുടക്കം കുറിച്ച സുശാന്ത് 2013ലാണ് ബോളിവുഡ് സിനിമയിലേക്ക് എത്തുന്നത്. ബോളിവുഡ് സിനിമാലോകത്ത് വലിയൊരു ശൂന്യത സൃഷ്ടിച്ചാണ് സുശാന്ത് സിംഗ് യാത്രയായത്. ജൂൺ പതിനാലിന് മുംബൈയിലെ ഫ്ലാറ്റിൽ ആത്മഹത്യ ചെയ്ത നിലയിലാണ് സുശാന്തിനെ കണ്ടെത്തിയത്.

Story highlights-antony varghese about dil bechara movie