‘ഞാനുമൊരു വർണ്ണപട്ടമായിരുന്നു..ദേ, ആ പട്ടമാണ് ഈ പട്ടം’; ചിരി പടർത്തി കുരുന്നുകൾ- വൈറൽ വീഡിയോ

July 24, 2020

കൊവിഡ് വ്യാപനം എല്ലാവരെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പുറത്തിറങ്ങി സൗഹൃദങ്ങൾ സൃഷ്ടിച്ച് കളിച്ച് രസിക്കേണ്ട കുട്ടികൾ വീടിനുള്ളിലേക്ക് ഒതുങ്ങി. അവരുടെ അവധിക്കാലവും ക്ലാസ്സ്മുറികളുമെല്ലാം ടെലിവിഷൻ സ്‌ക്രീനിനും, സ്മാർട്ട് ഫോണിനും മുന്നിലായി. ടെലിവിഷനിലെ പരസ്യങ്ങൾ പഠനത്തിൽ പ്രയോജനപ്പെടുത്തുന്ന ഒരു മിടുക്കിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം.

അടുത്തിടെ പ്രസിദ്ധമായൊരു പരസ്യ ഗാനമാണ് ‘ഞാനുമൊരു വർണ്ണപട്ടമായിരുന്നു’ എന്നത്. ആ വരികളിലൂടെ തന്റെ കുഞ്ഞനിയന് പട്ടം പരിചയപ്പെടുത്തുകയാണ് ഈ മിടുക്കി. ഇളയ കുട്ടിയുടെ കയ്യിലുള്ള പുസ്തകത്തിൽ നിരവധി ചിത്രങ്ങളുണ്ട്. അതിൽ പട്ടത്തിന്റെ ചിത്രം കാണിച്ച് പെൺകുട്ടി പറയുകയാണ്, ‘ഇതാണ് വർണ്ണപട്ടം’.

ഒപ്പം തന്നെ അനിയന് കൂടുതൽ വ്യക്തമാകാൻ വേണ്ടി പരസ്യഗാനം പാടിയിട്ട് , ‘ആ പട്ടമാണ് ഈ പട്ടം’ എന്നും പറഞ്ഞുകൊടുക്കുന്നു. രസകരമായ ഈ വീഡിയോ നിരവധി ആളുകൾ ഇതിനോടകം കണ്ടുകഴിഞ്ഞു. അനിയനെ പഠിപ്പിക്കുന്ന ചേച്ചിയാവട്ടെ, അത്ര മുതിർന്ന കുട്ടിയല്ല. തീരെ ചെറിയ പ്രായത്തിൽ തന്നെ ഇത്ര വ്യക്തമായി ഏറ്റവും അനുയോജ്യമായ ഉദാഹരണത്തിലൂടെ പറഞ്ഞുകൊടുക്കുന്ന കുട്ടിക്കാണ് കയ്യടികൾ.

സമൂഹമാധ്യമങ്ങളും, ടെലിവിഷൻ ചാനലുകളും, എന്തിനേറെ പരസ്യങ്ങൾ പോലും കുട്ടികളെ എത്രമാത്രം സ്വാധീനിക്കുന്നു എന്നതിന്റെ ഉദാഹരണം കൂടിയാണ് ഈ വീഡിയോ. സൗഹൃദങ്ങളുടെ ഊഷ്മളതയും ഒന്നിച്ചിരുന്നു പഠിക്കുന്നതിന്റെ രസവും ഓൺലൈൻ പഠനത്തിൽ ലഭിക്കില്ലെങ്കിലും കുട്ടികൾ ടെലിവിഷൻ സ്‌ക്രീനിൽ നിന്നും സ്വയം ചിലത് പഠിച്ചെടുക്കുന്നത് ആശ്വാസകരമാണ്. വിഷ്ണു പിള്ള എന്ന ആലപ്പുഴ സ്വദേശിയാണ് കുട്ടികളുടെ വീഡിയോ പങ്കുവെച്ചത്.

Story highlights-girl teaches her brother viral video