തരംഗമായി കുട്ടിവാനനിരീക്ഷകർ; ‘ഇതിലൂടെ നോക്കിയാൽ വാഴയില മാത്രമല്ല സ്പേസ് ഷിപ്പ് വരെ കാണാം’

July 28, 2020

കുട്ടികുറുമ്പന്മാരുടെ ചിന്താഗതികളെക്കുറിച്ചും കാഴ്ചപ്പാടുകളെക്കുറിച്ചുമൊക്കെ കേൾക്കുമ്പോൾ ചിലപ്പോൾ മുതിർന്നവർ തന്നെ ഞെട്ടിപ്പോകാറുണ്ട്. ഇപ്പോഴിതാ കൗതുകത്തുനപ്പുറം കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്ന രണ്ട് കുട്ടി വാന നിരീക്ഷകരാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

വാന നിരീക്ഷണത്തിനായി കപ്പത്തണ്ടും തടികഷ്ണവും ഉപയോഗിച്ച് കുട്ടികുറുമ്പന്മാർ നിർമ്മിച്ചിരിക്കുന്നത് പക്ഷെ ടെലസ്കോപ്പല്ല, മൈക്രോസ്‌കോപ്പാണ്. എന്തായാലും അതിലൂടെ നോക്കിയാൽ വാഴയില മാത്രമല്ല സ്പേസ് ഷിപ്പുവരെ കാണാമെന്നാണ് ഈ മിടുക്കന്മാരുടെ അഭിപ്രായം. മാത്രമല്ല ഹോംമെയ്ഡ് മൈക്രോസ്കോപ്പിന്റെ പ്രവർത്തനത്തെ പറ്റിയും വിശദമായി പറഞ്ഞു തരുന്നുണ്ട് കുട്ടി ശാസ്ത്രജ്ഞർ.

മൈക്രോസ്കോപ്പിലൂടെ നോക്കിയപ്പോൾ വേറെ എന്തോ ഒരു സാധനം കണ്ടുവെന്നും എന്നാൽ അത് എന്താണെന്ന് ശരിക്കും മനസിലായിട്ടില്ല എന്നുമൊക്കെ ഈ കുട്ടിത്താരങ്ങൾ പറയുന്നുണ്ട്. സോഷ്യൽ മീഡിയയിൽ ഈ വീഡിയോ വൈറലായതോടെ കുട്ടി വാന നിരീക്ഷകർക്ക് തികഞ്ഞ അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്. ഇങ്ങനെ പോയാൽ ഇവന്മാർ സ്‌പേസ് ഷിപ്പുവരെ ഉണ്ടാക്കിക്കളയുമെന്നും കമന്റുകൾ വരുന്നുണ്ട്.

സ്കൂൾ തുറക്കാത്തതും കൊറോണ വൈറസ് വ്യാപനം മൂലം കുട്ടികൾക്ക് പുറത്തേക്ക് കളിയ്ക്കാൻ പോകാൻ കഴിയാതെയുമൊക്കെ വന്നതോടെ ഇത്തരത്തിൽ വ്യത്യസ്തമായ കളികളുമായി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ് ഇതുപോലെ നിരവധി കുട്ടിത്താരങ്ങൾ. അടുത്തിടെ കാർബോഡിൽ ഫാൻ ഉണ്ടാക്കിയും ലൈറ്റ് ഉണ്ടാക്കിയുമൊക്കെ സോഷ്യൽ മീഡിയയിൽ കുട്ടികളുടെ കണ്ടുപിടുത്തങ്ങൾ വൈറലായിരുന്നു.