പ്രതിസന്ധികളിലും ജീവിതത്തെ പുഞ്ചിരിയോടെ നേരിട്ട് രേണുക അതിഗംഭീരമായി പാടി; പുതിയ സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് സംവിധായകന്‍ മിഥുന്‍ മാനുവല്‍

July 24, 2020
Midhun Manuel Thomas facebook post about vira singer Renuka

സമൂഹമാധ്യമങ്ങള്‍ ജനപ്രിയമായിട്ട് കാലങ്ങള്‍ കുറച്ചേറെയായി. അറിയപ്പെടാതിരുന്ന പല കലാകാരന്മാര്‍ക്കും ലോക ശ്രദ്ധ നേടിക്കൊടുക്കുന്നതിലും സമൂഹമാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. രേണുക എന്ന മിടുക്കിയുടെ പാട്ട് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇപ്പോഴിതാ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് പുതിയ സിനിമയില്‍ രേണുകയ്ക്ക് പാട്ട് പാടാന്‍ അവസരം വാഗ്ദാനം ചെയ്തിരിക്കുകയാണ്.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മിഥുന്‍ മാനുവല്‍ തോമസ് ഇക്കാര്യം പങ്കുവെച്ചത്. രേണുകയുടെ മനോഹരമായ പാട്ടും സംവിധായകന്‍ പങ്കുവെച്ചു. ‘ഇത് രേണുക. വയനാട്ടുകാരിയാണ്. ഒരുപാട് പിന്നാക്ക അവസ്ഥയില്‍ നിന്ന് ജീവിതത്തെ പുഞ്ചിരിയോടെ നേരിടുന്ന കൊച്ചുമിടുക്കി. മലയാളം രണ്ടാം ഭാഷ മാത്രമായ, പണിയ ഗോത്ര വിഭാഗത്തില്‍ പെടുന്ന കലാകാരി. എന്റെ പാട്ടുകളുള്ള അടുത്ത സിനിമയില്‍ രേണുക ഒരു പാട്ട് പാടും. ഇഷ്ടം. സ്‌നേഹം, സുഹൃത്തുക്കള്‍ വയനാട്ടില്‍ നിന്നും ചെയ്തു അയച്ചു തന്ന വീഡിയോ’. എന്നും മിഥുന്‍ മാനുവല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

രാജഹംസമേ.. എന്നു തുടങ്ങുന്ന നിത്യ ഹരിത ഗാനമാണ് രേണുക അതിമനോഹരമായി ആലപിച്ചിരിക്കുന്നത്. ചമയം എന്ന സിനിമയിലേതാണ് ഈ ഗാനം. കൈതപ്രം ദാമോദരന്റെ വരികള്‍ക്ക് ജോണ്‍സണ്‍ മാസ്റ്റര്‍ സംഗീതം പകര്‍ന്നിരിക്കുന്നു. കെ എസ് ചിത്രയാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്. മഴവിൽ കാവടി എന്ന ചിത്രത്തിലെ തങ്കത്തോണി… എന്നു തുടങ്ങുന്ന ഗാനവും അടുത്തിടെ രേണുക ആലപിച്ചിരുന്നു. ഈ ഗാനവും സൈബര്‍ ഇടങ്ങളില്‍ കൈയടി നേടി.

തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ‘ഓം ശാന്തി ഓശാന’ എന്ന ചിത്രത്തിന്റെ സഹ തിരക്കഥാകൃത്തായി മലയാള സിനിമയിലേയ്ക്ക് വരവറിയിച്ചതാണ് മിഥുന്‍ മാനുവല്‍ തോമസ്. ആട്, ആന്‍മരിയ കലിപ്പിലാണ്, അലമാര, ആട് 2, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്, അഞ്ചാംപാതിര എന്നിങ്ങനെ നീളുന്നു മിഥുന്‍ മാനുവല്‍ സംവിധാനം നിര്‍വഹിച്ച ചിത്രങ്ങള്‍.

Story highlights: Midhun Manuel Thomas facebook post about vira singer Renuka