വിട്ടൊഴിയാതെ കൊറോണ, പിന്നാലെ മറ്റ് രോഗങ്ങളും; ആരോഗ്യ കാര്യത്തിൽ വേണം ഏറെ കരുതൽ

August 6, 2020
health

കൊറോണ വൈറസ് വിട്ടൊഴിഞ്ഞിട്ടില്ല. അതിന് പിന്നാലെ ഡെങ്കിപ്പനിയും, പകർച്ചവ്യാധികളും ഉൾപ്പെടെ നിരവധി അസുഖങ്ങളാണ് നമ്മെ തേടിയെത്തുന്നത്. രോഗപ്രതിരോധ ശേഷി കുറവുള്ളവരിലാണ് എളുപ്പത്തിൽ രോഗങ്ങൾ ഉണ്ടാകുന്നത്. എന്നാൽ ആരോഗ്യമുള്ള ശരീരത്തിനായി ഭക്ഷണകാര്യത്തിൽ ഏറെ ശ്രദ്ധചെലുത്തണം. പ്രത്യേകിച്ച് കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ ആരോഗ്യപൂർണമായ ജീവിതശൈലി തീർച്ചയായും ഉറപ്പുവരുത്തണം. ഭക്ഷണക്രമത്തിലും വ്യക്തിത്വ ശുചിത്വത്തിലും ഏറെ ശ്രദ്ധ ചെലുത്തണം.

കരുത്തുള്ള ശരീരത്തിന് വേണ്ടി നിർബന്ധമായും കഴിക്കേണ്ട ഒന്നാണ് നാരുകൾ അടങ്ങിയ ഭക്ഷണം. എന്നാൽ അവ ഏതൊക്കെയാണെന്ന് പോലും മിക്കവർക്കും അറിയില്ല. അതുകൊണ്ടുതന്നെ ആരോഗ്യമുള്ള ശരീരത്തിനായി കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. സസ്യാഹാരങ്ങളില്‍ ധാരാളമായി നാരുകൾ അടങ്ങിയിട്ടുണ്ട്. എല്ലാ സസ്യാഹാരങ്ങളിലും ഒരേ അളവിലല്ല നാരുകള്‍ അടങ്ങിയിരിക്കുന്നതും. ധാന്യങ്ങള്‍, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവയിലാണ് കൂടുതലായും നാരുകൾ അടങ്ങിയിരിക്കുന്നത്.

നാരുകൾ ധാരാളമായി അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ പ്രമേഹ രോഗമുള്ളവർക്ക് നല്ലൊരു പ്രതിവിധിയാണ്. കാരണം ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്തില്ല, അതുകൊണ്ടുതന്നെ ഇവ ധൈര്യമായി കഴിക്കാം. രക്തത്തിലെ കൊളസ്‌ട്രോൾ കുറയാനും ഇത് സഹായിക്കും. അമിതവണ്ണം ഉണ്ടാകാതിരിക്കാനും, മലബന്ധം അകറ്റാനും നല്ലൊരു മാർഗം കൂടിയാണ് നാരുകൾ അടങ്ങിയ ഭക്ഷണം. വൻകുടൽ, മലാശയം എന്നിവയിൽ ഉണ്ടാകുന്ന ക്യാൻസറിനെ തടയുന്നതിനും, ഹൃദയാഘാതത്തിനും നല്ലൊരു പരിഹാരമാണ് നാരുകൾ.

Read also: കൊവിഡ് കാലത്തെ മാനസീക സമ്മർദ്ദമകറ്റാൻ ഷഫിൾ ഡാൻസ്; ഹിറ്റായ കർഷക ദമ്പതികളുടെ ഡാൻസിന് പിന്നിലുമുണ്ട് അതിജീവനത്തിന്റെ സന്തോഷം പകരുന്ന കഥ

മുളപ്പിച്ച പയറിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. അതുപോലെ സ്‌കിന്‍ ക്യാന്‍സര്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഏറ്റവും മികച്ച ഒന്നാണ് മുളപ്പിച്ച ധാന്യങ്ങള്‍. ഇതിലുള്ള ആന്റി ഓക്‌സിഡന്റ് ക്യാന്‍സര്‍ കോശങ്ങളെ തുടക്കത്തിലേ നശിപ്പിക്കുന്നു. മുളപ്പിച്ച പയർ കഴിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി, നല്ല കൊളസ്ട്രോൾ നിലനിർത്താൻ സഹായിക്കുന്നു. മുളപ്പിച്ച പയറില്‍ എന്‍സൈമുകള്‍ ധാരാളമുണ്ട്. ഇത് ദഹന പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കും. ചീര, കാബേജ്, കോളിഫ്ളവര്‍, പാവയ്ക്ക, വഴുതനങ്ങ, മുരിങ്ങക്ക, കടല, ചെറുപയര്‍, സോയ, മുതിര, നിലക്കടല, എള്ള്, കൊത്തമല്ലി, ജീരകം, കുരുമുളക്, പാഷന്‍ ഫ്രൂട്ട്, പേരയ്ക്ക, മാതളം, നെല്ലിക്ക, മുന്തിരി എന്നിവയാണ് നാരുകൾ അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ.

Story Highlights: Health care methods