‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്’ ഓൺലൈൻ റിലീസിന് അനുമതി നൽകി തിയേറ്റർ ഉടമകളുടെ സംഘടന

August 12, 2020

ടൊവിനോ തോമസ് നായകനായെത്തുന്ന ‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്’ ഓൺലൈൻ റിലീസിന് തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോൾ ചിത്രത്തിന് ഓൺലൈൻ റിലീസ് അനുമതി ലഭിച്ചിരിക്കുകയാണ്. തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കാണ് അനുമതി നൽകിയത്. ചിത്രം റീലിസിനായി പൂർണ സജ്ജമായതുകൊണ്ട് വ്യാജ പതിപ്പിറങ്ങാനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് ‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സിന്’ ഓൺലൈൻ റീലിസിനുള്ള അനുമതി നൽകിയത്.

ആന്റോ ജോസഫ് ഫിലിം കമ്പനിയും റംഷി അഹമ്മദും അവതരിപ്പിക്കുന്ന ചിത്രം ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് തിയേറ്ററുകളിലെത്തിക്കാനിരുന്നത്. പൈറസി ഭീഷണിയുള്ളതുകൊണ്ട് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ സിനിമ പ്രദര്‍ശിപ്പിക്കാനുള്ള അനുമതി തേടുകയായിരുന്നു നിർമ്മാതാവ് ആന്റോ ജോസഫ്.

Read More: സംസ്ഥാനത്ത് ഇന്ന് 1212 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 1068 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

തിയേറ്റർ റിലീസിന് ഒരുങ്ങുന്നതിനിടയിലാണ് കൊവിഡ് പ്രതിസന്ധിയും ലോക്ക് ഡൗണും വന്നത്. റിലീസ് മാറ്റിയ മറ്റൊരു ചിത്രമായിരുന്നു സൂഫിയും സുജാതയും. പിന്നീട് ഈ ചിത്രവും ഓൺലൈൻ റിലീസിന് എത്തുകയായിരുന്നു. സൂഫിയും സുജാതയ്ക്കും പിന്നാലെയാണ് കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് ഓൺലൈൻ പ്ലാറ്റ്‌ഫോമിലേക്ക് എത്തുന്നത്.

ആന്റോ ജോസഫ്, ടൊവിനോ തോമസ്, റംഷി അഹമ്മദ്, സിനു സിദ്ധാര്‍ത്ഥ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ജിയോ ബേബിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കി സംവിധാനം നിര്‍വഹിക്കുന്നത്. ട്രാവല്‍ മൂവി വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്’.ടോവിനോ തോമസും ഇന്ത്യ ജാർവിസുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Story highlights- kilometers and kilometers film will be screened on the OTT platform