തടാകത്തിന്റെ നിറം പച്ചയിൽ നിന്നും പർപ്പിളിലേക്ക്; കാരണം ആശങ്കാജനകമെന്ന് ഗവേഷകർ

August 13, 2020
paraguayan

പ്രകൃതിയുടെ മാറ്റങ്ങൾ ദിവസവും മനുഷ്യനെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്… പ്രകൃതിയിലെ ചില അത്ഭുതപ്രതിഭാസങ്ങൾക്ക് കാരണം തിരഞ്ഞുകൊണ്ടിരിക്കുകയാണ് മനുഷ്യർ. കഴിഞ്ഞ കുറച്ച് നാളുകളായി നിറം മാറുന്ന തടാകങ്ങളെക്കുറിച്ചുള്ള വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ കാണപ്പെടുന്നത്. അടുത്തിടെ ഒറ്റ രാത്രികൊണ്ട് നിറംമാറിയ തടാകം ഗവേഷകരെ അമ്പരപ്പിച്ചിരുന്നു. 56,000 വർഷം പഴക്കമുള്ള തടാകമാണ് ഒറ്റരാത്രികൊണ്ട് നിറംമാറി കാഴ്ചക്കാരെ അമ്പരപ്പിച്ചിരിക്കുന്നത്. മഹാരാഷ്ട്രയുടെ പടിഞ്ഞാറൻ പ്രവിശ്യയിലുള്ള ലോണാർ തടാകത്തിലാണ് ഈ അത്ഭുതപ്രതിഭാസം. 56,000 വർഷങ്ങൾക്ക് മുൻപ് ഒരു ഉൽക്ക പതിച്ചുണ്ടായതാണ് ലോണാർ തടാകം. പച്ചനിറത്തിൽ കാണപ്പെട്ടിരുന്ന തടാകത്തിന് ഒറ്റ ദിവസം കൊണ്ടാണ് നിറംമാറ്റം സംഭവിച്ച് പിങ്ക് നിറമായത്.

കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളാണ് ഈ മാറ്റത്തിന് കാരണമെന്നാണ് ഗവേഷകർ പറഞ്ഞത്. ഉഷ്ണ കാലാവസ്ഥ കാരണം തടാകത്തിലെ ലവണത്വം വർധിച്ചതോ അല്ലെങ്കിൽ തടാകത്തിൽ ഒരു സവിശേഷയിനം പായൽ വളർന്നതോ ആകാം ഇതിന് കാരണം എന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്. അമേരിക്കയിലെ യൂട്ടയിലെ ഗ്രേറ്റ് സാൾട്ട് ലേയ്ക്ക്, ഓസ്‌ട്രേലിയയിലെ ലേക്ക് ഹില്ലിയർ എന്നിവയിലും നേരത്തെ ഈ പ്രതിഭാസം ശ്രദ്ധയിൽപ്പെട്ടിരുന്നു. അതേസമയം തടാകങ്ങളുടെ പിങ്ക് നിറത്തിന്റെ വ്യക്തമായ കാരണം കണ്ടെത്തുന്നതിനുവേണ്ടിയുള്ള പഠനങ്ങളും തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്.

Read also: അപ്സരകന്യകയും ഹൃദയവനിയിലെ ഗായികയുമൊക്കെ മലയാളികൾക്ക് സമ്മാനിച്ച ചുനക്കര രാമൻകുട്ടി ഓർമ്മയാകുമ്പോൾ

അതിന് പിന്നാലെയാണ് ഇപ്പോൾ കാഴ്ചക്കാരെ അത്ഭുതപ്പെടുത്തികൊണ്ട് പരാഗ്വേയിലെ സെറോ ലെഗൂൺ എന്ന പർപ്പിൾ നിറത്തിലേക്ക് മാറിയ തടാകത്തിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. കാണാൻ മനോഹരമായിട്ടുണ്ടെങ്കിലും തടാകത്തിന്റെ ഒരുഭാഗം പൂർണമായും പർപ്പിൾ നിറത്തിലേക്ക് മാറിയതിന് കാരണം തടാകം വലിയ രീതിയിൽ മലിനമായതാണെന്നാണ് ഗവേഷകരുടെ അഭിപ്രായം. നിറത്തിന് പുറമെ തടാകത്തിലെ ജലത്തിനും രൂക്ഷമായ ദുർഗന്ധം വന്നിട്ടുണ്ടെന്നാണ് കണ്ടെത്തൽ. അതേസമയം തടാകത്തിന്റെ ഒരു ഭാഗത്ത് മാത്രമാണ് ഇത്തരത്തിൽ നിറവ്യത്യാസം രൂപപ്പെട്ടത്. അതിനാൽ ഇതിന് പിന്നിലെ കാരണം തിരയുകയാണ് ഗവേഷകർ.

Story Highlights: paraguayan lagoon changes from green to purple