നിറം മാറി തടാകം; ഗുരുതര പരിസ്ഥിതി പ്രശ്‌നമെന്ന് ഗവേഷകർ

July 29, 2021

സമൂഹമാധ്യമങ്ങളിൽ അടക്കം ഏറെ ശ്രദ്ധനേടുകയാണ് പിങ്ക് നിറത്തിലുള്ള തടാകങ്ങളുടെ ചിത്രങ്ങൾ. അർജന്റീനിയൻ പരിസ്ഥിതി മേഖലയായ പാറ്റഗോണിയയിലുള്ള കോർഫോ ലഗൂൺ എന്ന തടാകമാണ് കടും പിങ്ക് നിറത്തിലേക്ക് രൂപംമാറിയത്. അതേസമയം തടാകത്തിലെ വെള്ളത്തിന്റെ നിറം മാറ്റത്തിന് കാരണം ഗുരുതരമായ പരിസ്ഥിതി പ്രശ്‌നങ്ങളാണെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. ഈ പ്രദേശത്ത് ചെമ്മീൻ സംസ്‌കരണത്തിന് ഭാഗമായി വ്യാപകമായി സോഡിയം സൾഫൈറ്റ് എന്ന രാസവസ്തു ഉപയോഗിക്കുന്നുണ്ട്. ഇതായിരിക്കാം വെള്ളത്തിന്റെ രൂപമാറ്റത്തിന് കാരണം എന്നാണ് കരുതപ്പെടുന്നത്.

കോർഫോ ലഗൂൺ തടാകത്തിന് പുറമെ ഈ പ്രദേശത്തെ നദികളിലും പുഴകളിലുമടക്കം ജലത്തിന്റെ നിറം മാറിക്കൊണ്ടിരിക്കുകയാണ്. ഈ പ്രദേശത്ത് നിരവധിയിടങ്ങളിൽ മത്സ്യ സംസ്‌കരണ വ്യവസായം നടക്കുന്നുണ്ട്. ഇവിടങ്ങളിൽ ശരിയായ രീതിയിൽ മാലിന്യസംസ്കരണം നടക്കാത്തതും, മാലിന്യങ്ങൾ പുഴയിലേക്കും മറ്റും വലിച്ചെറിയുന്നതുമാണ് വെള്ളം മലിനമാകാൻ പ്രധാന കാരണം. തടാകത്തിലെ ജലം ഇത്തരത്തിൽ മലിനമാകുന്നത് വഴി വലിയതോതിൽ മത്സ്യസമ്പത്ത് നശിക്കാനും കാരണമാകും.

Read also: ഇനി ആഴങ്ങളിലേക്ക് നീന്താം; സാഹസികത ഇഷ്ടപ്പെടുന്നവർക്കായി ലോകത്തിലെ ഏറ്റവും ആഴമേറിയ നീന്തൽക്കുളം

അതേസമയം ലോകത്ത് നിരവധി ഇടങ്ങളിൽ പ്രകൃതി ഒരുക്കിയ പിങ്ക് തടാകങ്ങൾ കാണപ്പെടാറുണ്ട്. അവയില്‍ ഏറ്റവും സുന്ദരം ഓസ്‌ട്രേലിയയിൽ മക്‌ഡൊണേൽ തടാകമാണ്. ഇത് രാജ്യത്തെ ഏറ്റവും തീവ്രമായ പിങ്ക് തടാകങ്ങളിൽ ഒന്നുകൂടിയാണ്. ഈ തടാകങ്ങളുടെ പിങ്ക് നിറത്തിന്റെ കാരണം മാലിന്യങ്ങളുടെ അതിപ്രസരമല്ല. ഇവയുടെ നിറം മാറ്റത്തിനുള്ള കാരണം കണ്ടെത്തുന്നതിനുവേണ്ടിയുള്ള പഠനങ്ങൾ ഇപ്പോഴും തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. എന്നാൽ ഉപ്പു തടാകത്തിലെ ചില ബാക്ടീരിയകളും ആല്‍ഗകളുമാണ് ഈ പിങ്ക് നിറത്തിന് കാരണം എന്നും പറയപ്പെടുന്നുണ്ട്.

Story highlights: Pollution turns lake bright pink