ഓണപ്പൊലിമയില്‍ ‘വാതിക്കല് വെള്ളരിപ്രാവായ്’ അഹാന: നൃത്തവീഡിയോ

September 1, 2020
Ahaana Krishna shares onam dance video

കുറഞ്ഞ കാലയളവുകൊണ്ടുതന്നെ പ്രേക്ഷകപ്രീതി നേടിയ താരമാണ് അഹാന കൃഷ്ണ. ‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന കൃഷ്ണ ചലച്ചിത്ര അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. താരം വെള്ളിത്തിരയില്‍ അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.

അഭിനയത്തിനൊപ്പം പാട്ടിലും നൃത്തത്തിലുമെല്ലാം പ്രതിഭ തെളിയിച്ചിട്ടുണ്ട് അഹാന. സൈബര്‍ ഇടങ്ങളിലും സജീവമാണ് താരം. പലപ്പോഴും പാട്ടും നൃത്തവും വീട്ടു വിശേഷങ്ങളുമെല്ലാം താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ ഓണത്തോട് അനുബന്ധിച്ച് മനോഹരമായി നൃത്തം ചെയ്യുന്ന അഹാനയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു.

വാതിക്കല് വെള്ളരിപ്രാവ് എന്ന ഗാനത്തിനാണ് താരം ചുവടുവയ്ക്കുന്നത്. ‘സൂഫിയും സുജാതയും’ എന്ന ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നതിന് മുമ്പേ ആസ്വാദകര്‍ ഏറ്റെടുത്തതാണ് ചിത്രത്തിലെ ‘വാതിക്കല് വെള്ളരിപ്രാവ്’ എന്നു തുടങ്ങുന്ന ഗാനം. പാട്ട് ഹിറ്റായതോടെ ‘വെള്ളരിപ്രാവുകളായി’ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞവരും നിരവധിയാണ്. അഹാനയുടെ നൃത്തവീഡിയോയും പ്രേക്ഷകര്‍ ഏറ്റെടുത്തു.

Read more: സിനിമയിലല്ല, ജീവിതത്തില്‍ പ്രണയത്തെ ചേര്‍ത്തുപിടിച്ച് ദേവ് മോഹന്‍

ജയസൂര്യയെ നായകനാക്കി വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിംസ് ഒരുക്കിയ ചിത്രമാണ് ‘സൂഫിയും സുജാതയും’. അദിതി റാവു ചിത്രത്തില്‍ നായികയായെത്തി. പ്രണയത്തിന്റെ ആഴവും പരപ്പുമെല്ലാം ഇഴചേര്‍ത്ത് ഒരുക്കിയ ചിത്രത്തിലെ ചില രംഗങ്ങളും ഗാനവുമെല്ലാം മികച്ച സ്വീകാര്യത നേടി. ‘വാതിക്കല് വെള്ളരിപ്രാവ്…’ എന്നു തുടങ്ങുന്ന ഗാനമാണ് ഇവയില്‍ എടുത്തു പറയേണ്ടത്.

എം ജയചന്ദ്രന്‍ മനോഹരമായ ഈ ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നു. അര്‍ജുന്‍ കൃഷ്ണ, നിത്യ മാമ്മന്‍, സിയ ഉല്‍ ഹഖ് എന്നിവര്‍ ചേര്‍ന്നാണ് ആലാപനം. ലോക്ക് ഡൗണ്‍ പശ്ചാതലത്തില്‍ സൂഫിയും സുജാതയും എന്ന ചിത്രത്തിന് തിയേറ്റര്‍ റിലീസ് നടത്താന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തില്‍ ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പിലേക്കെത്തിയത്.

Story highlights: Ahaana Krishna shares onam dance video