ഏത് പ്രായത്തിലും ഊർജ്ജസ്വലരായി ഇരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
പ്രായമായില്ലേ.. ഇനിയിപ്പോ അസുഖങ്ങൾ ഒക്കെ ഉണ്ടാകും..! പലരും പറഞ്ഞുകേൾക്കാറുള്ള കാര്യമാണിത്. എന്നാൽ പ്രായമായാൽ അസുഖങ്ങൾ ഉണ്ടാകണമെന്ന് നിർബന്ധമില്ല..കൃത്യമായി ആരോഗ്യം സംരക്ഷിച്ചാൽ എത്ര പ്രായമായാലും ഒരു അസുഖവും നമ്മെ തിരഞ്ഞ് വരില്ല. കൃത്യമായ ആരോഗ്യ സംരക്ഷണവും കൃത്യമായുള്ള വ്യായാമവും അസുഖങ്ങളെ ഒരു പരിധിവരെ ഇല്ലാതാക്കും. പ്രത്യേകിച്ച് പ്രായമായെന്ന് പറഞ്ഞ് വീടിനുള്ളിൽ തന്നെ കഴിയുന്നവരിലാണ് മറ്റുള്ളവരെ അപേക്ഷിച്ച് പ്രായത്തിന്റെ അവശതകൾ കൂടുതലായികാണപ്പെടുന്നത്.
മനസിനല്ലല്ലോ ശരീരത്തിനല്ലേ പ്രായം വർധിക്കുക എന്ന് രസകരമായി പലരും പറയുന്നത് കേൾക്കാറുണ്ട്. എന്നാൽ ഇത് വെറുതെ ചിരിച്ച് തള്ളിക്കളയേണ്ട ഒന്നല്ല. എത്ര പ്രായമായാലും വളരെ ഊർജസ്വലരായി നടക്കുന്ന പലരുടെയും ആരോഗ്യത്തിന് പിന്നിലെ രഹസ്യവും കൃത്യമായുള്ള വ്യായാമവും മനസിന്റെ ചെറുപ്പവും തന്നെയാണ്.
ആരോഗ്യത്തോടെ ഇരിക്കാൻ ഉറക്കം ഏറ്റവും അത്യാവശ്യമായ ഒന്നാണ്. കൃത്യസമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്താൽ തന്നെ പല അസുഖങ്ങളും നമുക്ക് ഉണ്ടാവില്ല. ഇപ്പോൾ പലരും വളരെ വൈകി കിടക്കാനും വൈകി ഉണരാനും ഇഷ്ടപ്പെടുന്നവരാണ്. എന്നാൽ ഇത് ശരീരത്തെ വളരെ മോശമായി ബാധിക്കും. നേരത്തെ ഉറങ്ങി നേരത്തെ ഉണരുന്നത് ആരോഗ്യത്തോടെ ഇരിക്കാൻ സഹായിക്കും. അതുകൊണ്ടുതന്നെ കൃത്യസമയത്തുള്ള ഉറക്കം നല്ല ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമായ ഒന്നാണ്. എന്നാൽ പ്രായമാകുന്നതോടെ പലർക്കും ഉറക്കം നഷ്ടപെടാറുണ്ട്. കൃത്യമായി വ്യായാമം ചെയ്താൽ ഇത് ഒരുപരിധിവരെ ഇല്ലാതാക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.
Story Highlights: Methods to avoid health problems