ഡൽഹിക്കെതിരെ ഉദിച്ചുയർന്ന് സൺറൈസേഴ്‌സ്; 15 റൺസിൽ തോൽവിക്ക് വഴങ്ങി ഡൽഹി

September 29, 2020

ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്‌സ് ഉയർത്തിയ 163 റൺസ് വിജയലക്ഷ്യത്തിലെത്താനാകാതെ ഡൽഹി ക്യാപിറ്റൽസ്. സീസണിലെ ആദ്യ വിജയം സ്വന്തമാക്കിയിരിക്കുകയാണ് സൺറൈസേഴ്‌സ്. മൂന്നാം അങ്കത്തിലാണ് സൺറൈസേഴ്‌സ് വിജയത്തിൽ മുത്തമിട്ടതെങ്കിൽ ഡൽഹിക്ക് ഇത് ആദ്യ പരാജയവുമായി. 15 റൺസിനാണ് ഡൽഹിയെ സൺറൈസേഴ്‌സ് മലർത്തിയടിച്ചത്.

 ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ സൺറൈസേഴ്‌സ് ഓപ്പണര്‍മാരായ ജോണി ബെയര്‍സ്റ്റോ, ഡേവിഡ് വാര്‍ണര്‍, കെയ്ന്‍ വില്യംസണ്‍ എന്നിവരുടെ കരുത്തിൽ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 162 റൺസ് നേടിയാണ് വിജയക്കുതിപ്പ് നടത്തിയത്. ഡൽഹിയുടെ മറുപടി നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 147 റൺസിൽ കലാശിച്ചു.

163 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഡൽഹിക്ക് തുടക്കം മുതൽ പിഴച്ചിരുന്നു. നാല് ഓവറിൽ 14 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് നഷ്ടമാക്കിയ റാഷിദ് ഖാന്റെ പ്രകടനമാണ് ഡൽഹിക്ക് പിഴച്ചത്. ആദ്യ രണ്ടു മത്സരങ്ങളിൽ പുറത്തിരുന്ന കെയ്ൻ വില്യംസന്റെ വരവും സ്പിന്നർ റാഷിദ് ഖാൻ ഫോമിലേക്ക് തിരിച്ചെത്തിയതുമാണ് സൺറൈസേഴ്സിന് കരുത്ത് പകർന്നത്. പന്തും സ്റ്റോയ്നിസും ചേർന്ന് ഡൽഹിയെ രക്ഷപ്പെടുത്തുമെന്ന വിശ്വാസത്തിനിടെയാണ് റാഷിദ് ഖാൻ സൺറൈസേഴ്സിനെ വിജയത്തിലേക്ക് നയിച്ചത്. അക്സർ പട്ടേലിനെ അവസാന ഓവറിൽ ഖലീൽ അഹമ്മദും മടക്കിയതോടെ ഡൽഹി തോൽവിക്ക് വഴങ്ങുകയായിരുന്നു.

Story highlights- sunrisers won