‘അത്രംഗി രേ’ ഷൂട്ടിംഗ് മധുരയിൽ പുനഃരാരംഭിച്ചു; മൂന്നാമത്തെ ബോളിവുഡ് ചിത്രത്തിനായി തയ്യാറെടുത്ത് ധനുഷ്
കൊവിഡ് സൃഷ്ടിച്ച പ്രതികൂല സാഹചര്യത്തിന് ശേഷം ധനുഷ് ചിത്രീകരണ തിരക്കിലേക്ക് ചേക്കേറുകയാണ്. ‘രാഞ്ജന’യുടെ സംവിധായകൻ ആനന്ദ് എൽ റായ് ഒരുക്കുന്ന ‘അത്രംഗി രേ’ മധുരയിൽ ഷൂട്ടിംഗ് പുനഃരാരംഭിച്ചിരിക്കുകയാണ്. അക്ഷയ് കുമാർ, സാറ അലി ഖാൻ എന്നിവർക്കൊപ്പമാണ് ധനുഷ് ചിത്രത്തിൽ വേഷമിടുന്നത്. ഒരു ത്രികോണ പ്രണയകഥയാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.
മധുരയിലെ ഷെഡ്യൂൾ 15 മുതൽ 20 ദിവസം വരെ നീണ്ടുനിൽക്കും. ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബറോടെ പൂർത്തിയാക്കാനാണ് പദ്ധതി. അതിനുശേഷം കാർത്തിക് നരെയ്ൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലേക്ക് ധനുഷ് ചേക്കേറും.
ധനുഷിന്റെ ആദ്യ ബോളിവുഡ് ചിത്രമായിരുന്ന ‘രാഞ്ജന’യുടെ സംവിധായകൻ ആനന്ദ് എൽ ആണ് ‘അത്രംഗി രേ’യും സംവിധാനം ചെയ്യുന്നത്. ഏഴ് വർഷത്തിന് ശേഷം ധനുഷ് സംവിധായകൻ ആനന്ദ് എൽ റായിയുമായി ഒന്നിക്കുന്ന ചിത്രമാണ് ‘അത്രംഗി രേ’. അതേസമയം, ‘ബെൽ ബോട്ടം’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി ലണ്ടനിലായിരുന്നു അക്ഷയ് കുമാർ. ലണ്ടനിലെ ഷെഡ്യൂൾ പൂർത്തിയാക്കി ‘അത്രംഗി രേ’യിലേക്ക് എത്തിയിരിക്കുകയാണ് താരം.
എല്ലാ സുരക്ഷാ നടപടികളും പാലിച്ച് മധുര, ഡൽഹി, മുംബൈ എന്നിവടങ്ങളിലായി ചിത്രീകരണം തുടരാനാണ് ടീം പദ്ധതിയിട്ടിരിക്കുന്നത്.ഇടവേളയ്ക്ക് ശേഷം ഷൂട്ടിംഗ് ആരംഭിക്കുന്ന ആവേശത്തിലാണ് അണിയറപ്രവർത്തകരും അഭിനേതാക്കളും. ഹിമാൻഷു ശർമയാണ് ‘അത്രംഗി രേ’യുടെ രചന നിർവഹിക്കുന്നത്. എ ആർ റഹ്മാൻ സംഗീതം പകരുന്നു. 2021ലെ പ്രണയ ദിനത്തിൽ ചിത്രം റിലീസ് ചെയ്യാമെന്നാണ് ‘അത്രംഗി രേ’ ടീം പ്രതീക്ഷിക്കുന്നത്.
Story highlights- dhanush resumes shooting for Bollywood film Atrangi Re