ചെങ്കനൽ തിളക്കത്തോടെ ജാനു; ഹൃദയം കവർന്ന് ഗൗരി കിഷന്റെ ചിത്രങ്ങൾ

October 11, 2020

96 എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ താരമാണ് ഗൗരി ജി കിഷൻ. കുട്ടി ജാനുവായി മനം കവർന്ന ഗൗരി പുതിയ ചിത്രങ്ങളുമായി തിരക്കിലാണ്. സമൂഹമാധ്യമങ്ങളിൽ സജീവമായ ഗൗരി തന്റെ പുത്തൻ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കുകയാണ്. മനോഹരമായൊരു ലഹങ്കയിൽ കടലിന്റെ പശ്ചാത്തലത്തിലുള്ള ചിത്രത്തിൽ സുന്ദരിയാണ് ഗൗരി.

ഗൗരിക്ക് വിവിധ തെന്നിന്ത്യന്‍ ഭാഷകളില്‍ മികച്ച അവസരങ്ങളാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. 96 തെലുങ്ക് റീമേക്ക് ആയ ജാനുവിലും ഗൗരി അതേവേഷത്തിൽ എത്തിയിരുന്നു. മലയാളത്തില്‍ നായികയായി അരങ്ങേറ്റം കുറിക്കുന്ന ‘അനുഗ്രഹീതന്‍ ആന്റണി’ എന്ന ചിത്രവും റിലീസിന് തയ്യാറെടുക്കുകയാണ്. ഇൻസ്റ്റയിൽ അഞ്ചരലക്ഷത്തോളം ഫോളോവേഴ്സുണ്ട് താരത്തിന്. പലപ്പോഴും ചിത്രങ്ങളും വിശേഷങ്ങളും താരം ഇൻസ്റ്റയിൽ പങ്കുവയ്ക്കാറുണ്ട്. വിജയ് നായകനാകുന്ന മാസ്റ്റർ, ധനുഷ് ചിത്രം കർണൻ എന്നീ ചിത്രങ്ങളിലും ഗൗരി വേഷമിടുന്നുണ്ട്.

തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ ഒന്നടങ്കം ഏറ്റെടുത്ത വിജയ ചിത്രങ്ങളിലൊന്നായിരുന്നു 96. റാമും ജാനുവുമായി വിജയ് സേതുപതിയും തൃഷയും അഭിനയിച്ച ചിത്രത്തിൽ തൃഷയുടെ ചെറുപ്പകാലമാണ് ഗൗരി അവതരിപ്പിച്ചത്. ഹൈസ്‌ക്കുളില്‍ ഒരുമിച്ച് പഠിച്ച രണ്ട് പേര്‍ 22 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്നതും തുടര്‍ന്നു നടക്കുന്ന സംഭവ വികാസങ്ങളുമായിരുന്നു 96ല്‍ പറഞ്ഞത്. സംവിധായകന്‍ തന്നെ തിരക്കഥയെഴുതിയ ചിത്രം പ്രേക്ഷകര്‍ക്ക് മികച്ചൊരു ദൃശ്യാനുഭവം തന്നെയായിരുന്നു സമ്മാനിച്ചിരുന്നത്.

അതേസമയം, സണ്ണി വെയ്‌ന്റെ നായികയായാണ് ഗൗരി അനുഗ്രഹീതൻ ആന്റണി എന്ന ചിത്രത്തിൽ എത്തുന്നത്. ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രിൻസ് ജോയ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആന്റണി എന്ന കഥാപാത്രമായി സണ്ണി വെയ്ൻ എത്തുമ്പോൾ സഞ്ജനയായി ഗൗരി കിഷൻ വേഷമിടുന്നു. ആന്റണിയും അയാളുടെ നായയുമായുള്ള ആത്മബന്ധമാണ് ചിത്രത്തിലൂടെ പങ്കുവയ്ക്കുന്നത്. ലക്ഷ്യ എന്റർടൈൻമെൻറ്സ് റെറ്റ്‌കോണ്‍ സിനിമാസുമായിചേർന്ന് എം.ഷിജിത്താണ് ചിത്രം നിർമ്മിക്കുന്നത്. നവീൻ ടി മണിലാൽ തിരക്കഥ ഒരുക്കിയിരിക്കുന്നു. ഇന്ദ്രൻസ്, സിദ്ദിഖ്, ജാഫർ ഇടുക്കി, മാല പാർവതി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

Story highlights- Gouri g kishan photoshoot