ആറു വർഷങ്ങൾക്ക് ശേഷം ജോർജുകുട്ടിയും കുടുംബവും ഇങ്ങനെയാണ്- ‘ദൃശ്യം 2’ ലൊക്കേഷൻ ചിത്രം പങ്കുവെച്ച് ജീത്തു ജോസഫ്

October 5, 2020

പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 2. മോഹൻലാൽ നായകനായി 2013ൽ തിയേറ്ററിലെത്തിയ ദൃശ്യത്തിന്റെ രണ്ടാം ഭാഗം തൊടുപുഴയിലും കൊച്ചിയിലുമായി ചിത്രീകരണത്തിലാണ്‌. ഇപ്പോഴിതാ, ചിത്രത്തിന്റെ സംവിധായകൻ ജീത്തു ജോസഫ് ഷൂട്ടിങ്ങിനിടയിൽ നിന്നുള്ള ചിത്രം പങ്കുവയ്ക്കുകയാണ്.

ജോർജുകുട്ടിയും കുടുംബവും ആറു വർഷങ്ങൾക്ക് ശേഷം എന്ന കുറിപ്പിനൊപ്പമാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഫോട്ടോയിൽ ജീത്തു ജോസഫിനൊപ്പം മോഹൻലാൽ, മീന, അൻസിബ ഹസൻ, എസ്തർ അനിൽ എന്നിവരുമുണ്ട്. ദൃശ്യത്തിന്റെ പഴയ ഓർമ്മകൾ പ്രേക്ഷകരിൽ ഉണർത്തുകയാണ് ഈ ചിത്രം.

എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും കൊവിഡ് മാനദണ്ഡങ്ങളും പാലിച്ച് ദൃശ്യം 2 ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. ക്രൈം ത്രില്ലറായിരുന്ന ആദ്യ ഭാഗത്തിൽ നിന്നും തികച്ചും വ്യത്യസ്തമായി ഒരു കുടുംബ ചിത്രമായാണ് ദൃശ്യം 2 ജീത്തു ജോസഫ് ഒരുക്കുന്നത്. ആദ്യ ഭാഗത്ത് ക്ലീൻ ഷേവ് ആയിരുന്നെങ്കിലും രണ്ടാം ഭാഗത്തിൽ താടി നീട്ടിയ ലുക്കിലാണ് മോഹൻലാൽ.

ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുന്നോടിയായി താരങ്ങളെല്ലാം കൊവിഡ് പരിശോധന പൂർത്തിയാക്കിയിരുന്നു. ജീത്തു ജോസഫ് തന്നെ രചനയും സംവിധാനവും നിർവഹിക്കുന്ന ദൃശ്യം 2 ഒന്നാം ഭാഗത്തിന്റെ തുടർച്ചയല്ല.  മോഹൻലാലിനൊപ്പം മീന, അൻസിബ, എസ്തർ എന്നിവരാണ് കുടുംബാംഗങ്ങളായി എത്തുന്നത്. ആശ ശരത്ത്, സിദ്ദിഖ്, സായ് കുമാർ, മുരളി ഗോപി, ഗണേഷ് കുമാർ, സുമേഷ്,അഞ്ജലി നായർ, ആദം അയൂബ്, അജിത് കൂത്താട്ടുകുളം എന്നിവരും ദൃശ്യം 2 വിൽ വേഷമിടുന്നു. കൊച്ചിയിലും തൊടുപുഴയിലുമായാണ് ചിത്രീകരണം.

Story highlights- jeethu joseph sharing drishyam 2 location photos