പ്ലേ ഓഫ് സാധ്യത മങ്ങി ചെന്നൈ അവസാന സ്ഥാനത്തേക്ക്; വിജയം കയ്യെത്തി പിടിച്ച് രാജസ്ഥാൻ

October 19, 2020

പ്ലേ ഓഫ് സാധ്യത മുൻനിർത്തിയാൽ ഏറ്റവും നിര്‍ണ്ണായകമായ മത്സരമായിരുന്നു ഇന്ന് നടന്ന രാജസ്ഥാന്‍-ചെന്നൈ പോരാട്ടം. രാജസ്ഥാനെതിരെ മത്സരത്തിൽ ദയനീയ പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ് ചെന്നൈ. ഏഴു വിക്കറ്റിനാണ് രാജസ്ഥാൻ വിജയം സ്വന്തമാക്കിയത്. നേർക്കുനേർ വന്ന ഈ സീസണിലെ രണ്ടാം മത്സരത്തിലും ചെന്നൈയെ തറപറ്റിച്ചിരിക്കുകയാണ് രാജസ്ഥാൻ. ചെന്നൈ ഉയർത്തിയ 126 റൺസ് വിജയലക്ഷ്യം നിസാരമായി രാജസ്ഥാൻ മറികടന്നു.

ജോസ് ബട്‍ലറും സ്റ്റീവ് സ്മിത്തും ചേര്‍ന്ന് നേടിയ നാലാം വിക്കറ്റ് കൂട്ടുകെട്ടിന്റെ ബലത്തിലാണ് രാജസ്ഥാന്റെ വിജയം. ബട്‍ലര്‍ 48 പന്തില്‍ നിന്ന് 70 റണ്‍സും സ്റ്റീവ് സ്മിത്ത് 34 പന്തില്‍ 26 റണ്‍സും നേടി 17.3 ഓവറില്‍ വിജയം സാധ്യമാക്കിയത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയെ എറിഞ്ഞൊതുക്കിയിരുന്നു രാജസ്ഥാൻ. 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 125 റൺസാണ് ചെന്നൈ നേടിയത്. വിക്കറ്റുകള്‍ വീഴ്ത്തി രാജസ്ഥാൻ സമ്മർദ്ദം സൃഷ്ടിച്ചതോടെ ചെറിയ സ്കോറിലേക്ക് ചെന്നൈ ഒരുങ്ങുകയായിരുന്നു.

ജഡേജയാണ് ചെന്നൈയുടെ ടോപ് സ്‌കോറർ. 30 പന്തിൽ 35 റൺസാണ് ജഡേജ സ്വന്തമാക്കിയത്. ധോണി 28 പന്തിൽ 28 റൺസും, സാം കറൻ 25 പന്തിൽ 22 റൺസ് നേടി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. അഞ്ചാം വിക്കറ്റില്‍ ജഡേജയും ധോണിയും ചേർന്ന് നേടിയ 50 റണ്‍സ് കൂട്ടുകെട്ടാണ് ടീമിനെ ഈ സ്കോറിലേക്ക് എത്തിച്ചത്.

13 റൺസിൽ നിൽക്കെ ഒന്നാം വിക്കറ്റ് വീഴ്ത്തി ജോഫ്രയാണ് കൂട്ടുകെട്ട് പൊളിച്ചത്. 10 റൺസെടുത്ത ഡുപ്ലേസിയെ ജോസ് ബട്‍ലർ പുറത്താക്കി. ശ്രേയസ് ഗോപാലാണു കറനെ പുറത്താക്കിയത്. സ്കോർ 56ല്‍ എത്തിയപ്പോൾ അംബാട്ടി റായുഡുവിനെ രാഹുൽ തെവാട്ടിയ പുറത്താക്കി.

28 റണ്‍സ് നേടി ധോണി 18ാം ഓവറില്‍ റണ്ണൗട്ടായി. രവീന്ദ്ര ജഡേജയും കേദാർ ജാദവും ചേർന്ന് ചെന്നൈയുടെ സ്‌കോർ 120ലേക്ക് ഉയർത്തി. കേദാർ ജാദവ് ഏഴ് പന്തുകളിൽനിന്ന് നാല് റൺസെടുത്തു പുറത്താകാതെനിന്നു. രാജസ്ഥാൻ റോയൽസിന് വേണ്ടി ജോഫ്ര ആര്‍ച്ചർ, കാർത്തിക് ത്യാഗി, ശ്രേയസ് ഗോപാൽ, രാഹുൽ തെവാട്ടിയ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

അതേസമയം, ചെന്നൈയുടെ പ്ലേ ഓഫ് സാധ്യത ഈ തോൽവിയോടെ മങ്ങിയിരിക്കുകയാണ്. ഐപിഎല്ലിലെ അവസാന സ്ഥാനക്കാരായ ടീമുകളുടെ ഏറ്റുമുട്ടൽ ആകാംക്ഷയോടെയാണ് ക്രിക്കറ്റ് പ്രേമികൾ കാത്തിരുന്നത്. ചെന്നൈയുടെ ബാറ്റിംഗ് നിര തകർന്നതോടെ രാജസ്ഥാന് വിജയം കയ്യെത്തും ദൂരത്ത് എത്തി. ബാക്കിയുള്ള നാലുകളികൾ ജയിച്ചാൽ പോലും ചെന്നൈക്ക് പ്ലേ ഓഫ് സാധ്യത കുറവാണ്.

Story highlights- rajasthan royals won by 7 wickets