‘ഇരട്ടി ശക്തിയോടെ ഞങ്ങൾ മടങ്ങിയെത്തിയിരിക്കുന്നു’- ‘ആർ‌ആർ‌ആർ’ ഷൂട്ടിംഗ് പുനഃരാരംഭിച്ചു; മേക്കിംഗ് വീഡിയോ പങ്കുവെച്ച് രാജമൗലി

October 6, 2020

രാജമൗലിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമായ ‘ആർ‌ആർ‌ആർ’ ലോക്ക് ഡൗണിന് ശേഷം ചിത്രീകരണം പുനഃരാരംഭിച്ചു. ചിത്രീകരണത്തിന്റെ മേക്കിംഗ് വീഡിയോ പങ്കുവെച്ചുകൊണ്ടാണ് രാജമൗലി ഷൂട്ടിംഗ് വീണ്ടും ആരംഭിച്ചതായി അറിയിച്ചത്.

ജൂനിയർ എൻ‌ടി‌ആർ, രാം ചരൺ, അജയ് ദേവ്ഗൺ, ആലിയ ഭട്ട്, ഒലിവിയ മോറിസ് എന്നിവർ അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് മാർച്ച് വരെ വളരെ വേഗത്തിൽ പുരോഗമിക്കുകയായിരുന്നു. എന്നാൽ കൊറോണ വൈറസ് പ്രതിസന്ധി സൃഷ്ടിച്ചതോടെ എല്ലാ സിനിമകളും ചിത്രീകരണം നിർത്തിവെച്ചിരുന്നു. ഇടവേളയ്‌ക്കു ശേഷം സിനിമാ രംഗം സജീവമാകുമ്പോൾ ‘ആർആർആർ’ എന്ന ചിത്രവും സജീവമാകുകയാണ്.

‘ജീവിതം ഇതിനകം ‘ ന്യൂ നോർമലായി’ മാറിക്കഴിഞ്ഞു.നമ്മൾ അതിനോട് പൊരുത്തപ്പെടുകയും മുന്നോട്ട് പോകുകയും വേണം. അതിനാൽ ഞങ്ങളുടെ ഷൂട്ട് പുനരാരംഭിക്കുന്നു. കാത്തിരിക്കുക’- മേക്കിംഗ് വീഡിയോ പങ്കുവെച്ചുകൊണ്ട് രാജമൗലി കുറിക്കുന്നു.

ചിത്രീകരണത്തെക്കുറിച്ചുള്ള കുറിപ്പോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ‘ഞങ്ങളുടെ ചിത്രത്തിന്റെ ചിത്രീകരണം മാർച്ച് വരെ ഫലപ്രദമായി നടന്നു. എന്നാൽ ലോകം നിലച്ചു, അതുപോലെ ഞങ്ങളും. ഇപ്പോൾ ഇരട്ടി ശക്തിയോടെ മടങ്ങിയെത്തിരിക്കുന്നു’. ചിത്രീകരണവും നിർമ്മാണ പ്രവർത്തനങ്ങളും പുനരാരംഭിക്കുന്നതിനുമുമ്പ് സ്വീകരിച്ച സുരക്ഷാ നടപടികളെക്കുറിച്ച് വീഡിയോയിൽ കാണിക്കുന്നു.

Read More: നാഗചൈതന്യക്ക് മനോഹര ആശംസയുമായി സാമന്ത- മൂന്നാം വിവാഹവാർഷികം ആഘോഷിച്ച് താരജോഡി

ബ്രിട്ടീഷ് രാജിനെതിരെ ധീരമായ പോരാട്ടം നടത്തിയ രണ്ട് ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ചാണ് ചിത്രം പങ്കുവയ്ക്കുന്നത്. എഡിറ്റിംഗ് ശ്രീകർ പ്രസാദും, ഛായാഗ്രഹണം കെ കെ സെന്തിൽ കുമാറും നിർവഹിക്കുന്നു.

Story highlights- RRR’ resumed filming