അതിഥി തൊഴിലാളികളോടുള്ള കരുതൽ; കൊൽക്കത്തയിലെ ദുർഗാപന്തലിൽ സോനു സൂദിന്റെ പ്രതിമ

October 23, 2020

അതിഥി തൊഴിലാളികളുടെ രക്ഷകൻ സോനു സൂദിനോടുള്ള ആദരമായി കൊൽക്കത്തയിലെ ദുർഗാപന്തലിൽ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിച്ചു…

വെള്ളിത്തിരയിൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൈയടിനേടിയ താരമാണ് സോനു സൂദ്, എന്നാൽ അഭിനയത്തിലെ മികവിനപ്പുറം താരത്തെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കുന്നത് അദ്ദേഹത്തിന്റെ സാമൂഹ്യ പ്രവർത്തനങ്ങളിലൂടെയാണ്. ലോക്ക് ഡൗൺ കാലത്ത് അദ്ദേഹത്തിന്റെ സഹായംകൊണ്ട് മാത്രം നാട്ടിലേക്ക് മടങ്ങിയെത്താനും പുതിയ ജീവിതം ആരംഭിക്കാനും സാധിച്ചവർ നിരവധിയാണ്.

അദ്ദേഹത്തിന്റെ കരുണ നിറഞ്ഞ പ്രവർത്തനങ്ങൾക്ക് ആദര സൂചകമായി പ്രതിമ നിർമിച്ചിരിക്കുകയാണ് കൊൽക്കത്തയിലെ ദുർഗാപന്തൽ. കെഷ്തോപൂർ പ്രഫുല്ല കാനൻ ദുർഗാ പൂജ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ദുർഗാ പൂജയ്ക്കുള്ള പന്തലിൽ സോനു സൂദിന്റെ പ്രതിമ ഒരുക്കിയിരിക്കുന്നത്. അതിഥി തൊഴിലാളികൾക്ക് വേണ്ടി ഒരുക്കിയ ഒരു ബസിന്റെ പശ്ചാലത്തിലാണ് അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.

അതേസമയം ഐക്യരാഷ്ട്ര വികസന പദ്ധതിയുടെ സ്പെഷ്യൽ ഹ്യൂമാനിറ്റേറിയൻ ആക്ഷൻ അവാർഡ് അടുത്തിടെ സോനു സൂദിന് ലഭിച്ചിരുന്നു. ഇതോടെ യു എന്നിന്റെ വിവിധ വിഭാഗങ്ങളിൽ നിന്ന് ഈ ബഹുമതി ലഭിച്ച ആഞ്ചലീന ജോളി, ഡേവിഡ് ബെക്കാം, ലിയോനാർഡോ ഡികാപ്രിയോ, എമ്മ വാട്സൺ, ലിയാം നീസൺ തുടങ്ങിയ താരങ്ങളുടെ പട്ടികയിലേക്ക് സോനു സൂദിന്റെ പേരും ചേർക്കപ്പെട്ടു.

ലോക്ക് ഡൗൺ സമയത്ത് നിരവധി സഹായങ്ങളാണ് സോനു സൂദ് ചെയ്തത്. കുടിയേറ്റത്തൊഴിലാളികളെ നാട്ടിലെത്തിക്കാൻ സോനു സൂദ് ബസ് ഏർപ്പെടുത്തിയിരുന്നു. മാത്രമല്ല, കേരളത്തിൽ കുടുങ്ങിയ ഒറീസ്സ സ്വദേശിനികളെ നാട്ടിലേക്ക് എത്തിക്കാൻ അഹ്‌ദേഹം നടത്തിയ ശ്രമങ്ങളും ശ്രദ്ധ നേടിയിരുന്നു. കൊച്ചിയിലെ ഒരു ഫാക്ടറിയിൽ തുന്നൽ ജോലിക്ക് എത്തിയതായിരുന്നു ഒറീസ സ്വദേശിനികളായ 177 പെൺകുട്ടികൾ. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഫാക്ടറി പൂട്ടുകയും നാട്ടിലേക്ക് മടങ്ങാൻ സാധിക്കാതെ ഇവർ കേരളത്തിൽ കുടുങ്ങുകയും ചെയ്തു. സംഭവം ശ്രദ്ധയിൽപെട്ടതോടെ സോനു സൂദ് ബെംഗളൂരുവിൽ നിന്നും പ്രത്യേക വിമാനമെത്തിച്ച് ഇവരെ കൊച്ചിയിൽ നിന്നും ഭുവനേശ്വറിൽ എത്തിക്കുകയായിരുന്നു.

ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ ചായക്കട നടത്തിയിരുന്ന നാഗേശ്വര റാവു ലോക്ക് ഡൗൺ ആയതോടെ പ്രതിസന്ധിയിലായിരുന്നു. അതോടെ നാട്ടിലേക്ക് മടങ്ങിയ അദ്ദേഹത്തിന് കൃഷിയിടമാണ് ആശ്രയമായത്. എന്നാൽ, കൃഷിയിടം ഉഴുതുമറിക്കാൻ കാളകളെ വാങ്ങാൻ സാധിക്കാതെ പെൺമക്കളെ കൊണ്ടാണ് നിലമുഴുതത്. ഈ വാർത്ത മാധ്യമങ്ങളിൽ നിറഞ്ഞതോടെ കുടുംബത്തിന് ഒരു ട്രാക്ടർ വാങ്ങി നൽകിയിരുന്നു താരം.

Read also:‘മേരെ സായ’ പ്രിയതമയെ ചേർത്തുനിർത്തി പാട്ടുപാടി ഇർഫാൻ ഖാൻ; അച്ഛന്റെ ഓർമകൾ പങ്കുവെച്ച് മകൻ,…

അതേസമയം, ഹൈദരാബാദിൽ ബെല്ലംകൊണ്ട ശ്രീനിവാസ്, പ്രകാശ് രാജ് തുടങ്ങിയവർക്കൊപ്പം പുതിയ ചിത്രത്തിന്റെ തിരക്കിലാണ് താരമിപ്പോൾ.

Story Highlights: sonu sood statue in Kolkata