കൊവിഡ് ബാധിക്കുമ്പോൾ ഒരു ജനസമൂഹം പ്രതിരോധം സ്വയം കണ്ടെത്തുമെന്നുള്ള ധാരണ തെറ്റാണെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

October 13, 2020

കൊറോണ വൈറസിനോടുള്ള സമീപനം അപകടകരമെന്ന് ലോകാരോഗ്യ സംഘടന. കൊവിഡ് വന്നുപോകട്ടെ എന്ന തരത്തിലുള്ള നിലപാടിനെതിരെയാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയത്. കൊവിഡ് ബാധിക്കുമ്പോൾ ഒരു ജനസമൂഹം കൊവിഡ് പ്രതിരോധം സ്വയം കണ്ടെത്തുമെന്നുള്ള ധാരണ തെറ്റാണെന്ന് ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയോസസ് വ്യക്തമാക്കി.

കൊവിഡ് വന്നാൽ പ്രതിരോധ ശേഷി ലഭിക്കുമെന്ന പ്രചാരണം തെറ്റാണ്. കൊവിഡ് രോഗത്തെ തെറ്റായ രീതിയിൽ സമീപിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കൊറോണ വൈറസ് കഴിഞ്ഞ വർഷം അവസാനം ചൈനയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടതിനുശേഷം ഒരു ദശലക്ഷത്തിലധികം ആളുകൾ മരണപ്പെടുകയും 37.5 ദശലക്ഷത്തിലധികം ആളുകളെ ബാധിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ ആർജിത പ്രതിരോധശേഷി എന്ന സങ്കല്പം തന്നെ ശാസ്ത്രീയമായും ധാർമ്മികമായും പ്രശ്നമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

വാക്‌സിനേഷന്റെ സങ്കൽപമാണ് ആർജിത പ്രതിരോധം. വാക്‌സിനേഷൻ ഒരു ഘട്ടത്തിലെത്തിയാൽ മാത്രമേ ഇത് കൈവരിക്കാൻ സാധിക്കൂ. പൊതുജനാരോഗ്യ ചരിത്രത്തിന്റെ ഒരു ഘട്ടത്തിൽ പോലും പകർച്ചവ്യാധിയോട് പ്രതിരോധിക്കാനുള്ള മാർഗമായി ആർജിത പ്രതിരോധ ശേഷിയെ ഉപയോഗിച്ചിട്ടില്ലെന്നും ഗെബ്രിയോസസ് വ്യക്തമാക്കി.

Read More: ജൈവകൃഷി ശക്തമാക്കാൻ പുതിയ സംരംഭവുമായി ശ്രീനിവാസൻ- വിഷം കലരാത്ത പച്ചക്കറികളുമായി ‘ശ്രീനി ഫാംസ്’

ഈ പ്രതിരോധശേഷി കൈവരിക്കാമെന്ന പ്രതീക്ഷയിൽ കൊറോണ വൈറസ് വ്യാപിക്കുന്നത് അനുവദിക്കുന്നത് അധാർമികമാണെന്നും അനീതിയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Story highlights- World Health Organization chief calls herd immunity approach unethical