‘ഐശ്വരമൂർത്തി ഐപിഎസാ’യി അജിത്- ‘വലിമയ്’ ചിത്രീകരണം പുരോഗമിക്കുന്നു

November 5, 2020

ലോക്ക് ഡൗണിനു ശേഷം അജിത് നായകനാകുന്ന വലിമയ്  എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഹേദരാബാദിൽ പുരോഗമിക്കുകയാണ്. ചിത്രത്തിൽ ഐശ്വരമൂർത്തി എന്ന ഐപിഎസ് ഓഫീസറായാണ് അജിത് എത്തുന്നത്.

അജിത്തും മറ്റ് പ്രധാന താരങ്ങളും അണിനിരക്കുന്ന രംഗങ്ങളാണ് ഹൈദരാബാദിൽ ചിത്രീകരിക്കുന്നത്. ഇതിനുശേഷം രണ്ടു പ്രധാനപ്പെട്ട സംഘട്ടന രംഗങ്ങൾ ചിത്രീകരിക്കാൻ സംഘം വിദേശത്തേക്ക് പോകും.
കാർത്തികേയ, ഹുമ ഖുറേഷി, യോഗി ബാബു എന്നിവരും അജിത്തിനൊപ്പം പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

എച്ച് വിനോത് സംവിധാനം ചെയ്യുന്ന വലിമയുടെ സെറ്റിൽ അടുത്തിടെ അജിത്തിന്റെ ആരാധകർ എത്തിയിരുന്നു. ക്‌ളീൻ ഷേവിൽ കണ്ണട വെച്ചിരിക്കുന്ന അജിത് നിരവധി ചിത്രങ്ങളാണ് ആരാധകർക്കൊപ്പം പകർത്തിയത്.

അജിത്, കാർത്തികേയ ഗുമ്മകോണ്ട, ഹുമ ഖുറേഷി എന്നിവർ അഭിനയിക്കുന്ന 15 ദിവസത്തെ ഷൂട്ടിംഗ് അവസാന ഘട്ടത്തിലാണ്. ഈ ഷെഡ്യൂളോട് കൂടി ചിത്രം പൂർത്തിയാകും. നേരത്തെ ഡൽഹിയിൽ ചിത്രീകരണം നടത്താനായിരുന്നു പദ്ധതിയെങ്കിലും അനുമതി പ്രശ്‌നങ്ങളുണ്ടായിരുന്നതിനാൽ ഹൈദരാബാദിലേക്ക് മാറ്റുകയായിരുന്നു.

നേർക്കൊണ്ട പാർവൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് എച്ച് വിനോത്. ബോണി കപൂറാണ് ചിത്രം നിർമിക്കുന്നത്. അജിത് ഈ സിനിമയിൽ ഒരു പോലീസുകാരനായാണ് വേഷമിടുന്നത്. ചിത്രത്തിന്റെ അണിയറയിൽ സംഗീതസംവിധായകൻ യുവാൻ ശങ്കർ രാജയും ഛായാഗ്രാഹകൻ നീരവ് ഷായും ഉണ്ട്.

Read More: ‘മേപ്പടിയാനി’ൽ ഉണ്ണി മുകുന്ദന്റെ നായികയായി അഞ്ചു കുര്യൻ

അതേസമയം, അജിത്തിന്റെ 61മത്തെ ചിത്രം സുധ കൊങ്കരയുടെ ഒപ്പമാകുമോ എന്ന കാത്തിരിപ്പിലാണ് ആരാധകർ.അജിത് നായകനാകുന്ന ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് നിർമിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. 

Story highlights- ajith as aiswaryamoorthi ips in valimai