വിജയ് സേതുപതിക്കും നിത്യ മേനോനുമൊപ്പം ഇന്ദ്രജിത്ത്- പുതിയ ചിത്രം ഒരുങ്ങുന്നു

November 3, 2020

കൊവിഡ് കാലത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് നടൻ ഇന്ദ്രജിത്ത്. എട്ടുമാസത്തിന് ശേഷം ഇന്ദ്രജിത്ത് വേഷമിടുന്നത് നവാഗത സംവിധായികയായ ഇന്ദു വി എസിന്റെ ചിത്രത്തിലാണ്. വിജയ് സേതുപതിയും, നിത്യ മേനോനുമൊപ്പമാണ് ഇന്ദ്രജിത്ത് ഈ ചിത്രത്തിൽ വേഷമിടുന്നത്.

നിലവിലെ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളെ പ്രതിഫലിപ്പിക്കുന്ന തീവ്രമായ ഒരു ആശയമാണ് ചിത്രത്തിലൂടെ ഇന്ദു വി എസ് പങ്കുവയ്ക്കുന്നത്. മാർക്കോണി മത്തായിക്ക് ശേഷം വിജയ് സേതുപതി അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണിത്.

നിത്യ മേനോൻ, വിജയ് സേതുപതി, ഇന്ദ്രജിത്ത് എന്നിവരെ കൂടാതെ ഇന്ദ്രൻസും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഒരു പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കുന്ന സിനിമയിൽ അഭിനയിക്കാനുള്ള കരാറിൽ വിജയ് സേതുപതി ഒപ്പുവെച്ചു.ദേശീയ പുരസ്‌കാര ജേതാവായ സംവിധായകൻ സലിം അഹമ്മദിനോടൊപ്പം ആദാമിനെ മകൻ അബു, പത്തേമാരി തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ച വ്യക്തിയാണ് ഇന്ദു.

Read more: ഹാലോവീൻ പാർട്ടിക്ക് ഒരുങ്ങിയ അല്ലു അർജുന്റെ കുട്ടികൾ- ശ്രദ്ധനേടി രസകരമായ ചിത്രങ്ങൾ

ഒന്നര വർഷം മുൻപ് തന്നെ താരങ്ങളുമായി ചർച്ചകൾ നടത്തിയിരുന്നു. 2020ന്റെ തുടക്കത്തിൽ സിനിമ ചിത്രീകരണം ആരംഭിക്കാൻ തീരുമാനിച്ചെങ്കിലും കൊവിഡ് പ്രതിസന്ധി കാരണം നീളുകയായിരുന്നു.
കോളാമ്പി, ആറാം തിരുകൽപ്പന എന്നെ ചിത്രങ്ങളാണ് നിത്യ മേനോൻ നായികയായി റിലീസ് ചെയ്യാനുള്ളത്. കൊവിഡ് പ്രതിസന്ധി കാരണം ഇൻഡോർ ഷൂട്ടിംഗുകൾ ആദ്യം പൂർത്തിയാക്കാനാണ് തീരുമാനം. സംഗീതസംവിധായകൻ ഗോവിന്ദ് വസന്ത, ജോസഫ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ മനീഷ് മാധവൻ തുടങ്ങിയവർ ചിത്രത്തിന്റെ സാങ്കേതിക വിഭാഗത്തിലുണ്ട്. ആന്റോ ജോസഫാണ് ചിത്രം നിർമ്മിക്കുന്നത്.

Story highlights- indrajith’s next project