മഴയോടും മണ്ണിനോടും തണലിനോടും നന്ദി പറഞ്ഞ് അമ്പലമണി നാദം നിലച്ചു; സുഗതകുമാരിക്ക് വിടപറഞ്ഞ് മലയാളം

December 23, 2020

ഒരു കാവ്യപുഷ്‌പം കൂടി മലയാള സാഹിത്യത്തിൽ നിന്നും പൊഴിഞ്ഞിരിക്കുന്നു.. ലോകം മുഴുവൻ പ്രതിസന്ധിയിലാക്കിയ കൊവിഡ് കവയിത്രി സുഗതകുമാരിയെ കൂടി കവരുമ്പോൾ നിശബ്ദമാകുകയാണ് കാവ്യലോകം. കാലം കെടുത്താത്ത തീ ഏതുണ്ട് എന്ന് എഴുതിയ തൂലിക നിലയ്ക്കുമ്പോൾ കെടാത്ത കനലാണ് പക്ഷേ, മലയാളികളുടെ മനസ്സിൽ.. ഒരു എഴുത്തുകാരി എന്നതിന് പുറമെ, പ്രകൃതിക്കും, സമൂഹത്തിനും വേണ്ടി നിലകൊണ്ട സുഗതകുമാരി വിടവാങ്ങുമ്പോൾ സാഹിത്യലോകത്ത് മാത്രമല്ല നഷ്ടം സംഭവിക്കുന്നത്, പരിസ്ഥിതിക്ക് കൂടിയാണ്.

ഒരു പോരാളിയായിരുന്നു സുഗതകുമാരി, പരിസ്ഥിതി പോരാളി. കവിതകളിൽ നിറഞ്ഞു നിന്ന പ്രകൃതി സ്നേഹം അവർ ജീവിതത്തിലേക്കും പകർന്നിരുന്നു. പ്രകൃതി സംരക്ഷണ സമിതിയുടെ സ്ഥാപക സെക്രട്ടറിയായിരുന്നു സുഗതകുമാരി. സേവ് സൈലൻറ് വാലി പ്രതിഷേധത്തിൽ വലിയ പങ്കുവഹിച്ചതോടെയാണ് പ്രകൃതിക്കായി സുഗതകുമാരിയുടെ ശബ്ദം ഉയർന്നു നിന്നത്. ‘സൈലന്റ് വാലി അഥവാ നിശ്ശബ്ദ വനം’ എന്ന കവിത സുഗതകുമാരി പ്രകൃതി സ്നേഹത്തിന്റെ നേർക്കാഴ്ചയാണ്.

അഭയഗ്രാമം, അഗതികളായ സ്ത്രീകൾക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികൾക്കുവേണ്ടി പരിചരണാലയം എന്നിങ്ങനെ കേരളത്തിന്റെ സാമൂഹിക സാഹചര്യത്തിലും സുഗതകുമാരി വലിയ പങ്ക് വഹിച്ചിരുന്നു സുഗതകുമാരി. സ്ത്രീകൾക്കായി നിലകൊണ്ട സുഗതകുമാരി  സംസ്ഥാന വനിതാ കമ്മീഷന്റെ അദ്ധ്യക്ഷ ആയിരുന്നു.

തിരുവനന്തപുരം ജവഹർ ബാലഭവന്റെ പ്രിൻസിപ്പലായിരുന്നു. കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന തളിര് എന്ന മാസികയുടെ ചീഫ് എഡിറ്ററുമായിരുന്നു. സാമൂഹിക രംഗത്തെ ശ്രദ്ധേയ പ്രവർത്തനങ്ങൾക്ക് ലക്ഷ്‌മി പുരസ്കാരവും സുഗതകുമാരി സ്വന്തമാക്കിയിരുന്നു.

കൊവിഡ് ജീവൻ കവർന്നപ്പോൾ മലയാളത്തിന് നഷ്ടമായത് സാഹിത്യലോകത്തെ ‘എഴുത്തമ്മ’യെയാണ്. പക്ഷേ, ഓർമ്മപ്പൂക്കൾ നൽകാനാകില്ല..കാരണം മരണ ശേഷമുള്ള ആദരവുകളെയും ആദരാഞ്ജലികളെയും വിശ്വസിക്കാത്ത, ജീവിച്ചിരിക്കുമ്പോൾ ലഭിക്കുന്ന സ്നേഹത്തിൽ മാത്രം വിശ്വസിച്ചിരുന്ന വ്യക്തിയാണ് സുഗതകുമാരി. ഓർമ്മകളുടെ ചവറ്റുകുട്ട എന്ന കവിതയിൽ സുഗതകുമാരി പറയുന്നതിങ്ങനെ;

‘ശവപുഷ്പങ്ങൾ,

എനിക്കവ വേണ്ട..

മരിച്ചവർക്ക് പൂക്കൾ വേണ്ട..

ജീവിച്ചിരിക്കുമ്പോൾ

ഇത്തിരി

സ്നേഹം തരിക,

അതുമാത്രം മതി..’

സാഹിത്യത്തിലെ സമഗ്ര സംഭാവനകൾക്ക് 2009ൽ എഴുത്തച്ഛൻ പുരസ്‌കാരം നൽകി ആദരിച്ചിരുന്നു. പാതിരാപ്പൂക്കൾ, രാത്രിമഴ, അമ്പലമണി , കുറിഞ്ഞിപ്പൂക്കൾ, സൈലന്റ് വാലി (നിശ്ശബ്ദ വനം), മണലെഴുത്ത് തുടങ്ങിയവയാണ് പ്രധാന രചനകൾ.

1934 ജനുവരി 22‌ പത്തനംതിട്ട ജില്ലയിലെ ആറന്മുളയിലാണ് സുഗതകുമാരി ജനിച്ചത്. വാഴുവേലിൽ തറവാട്ടിൽ സ്വാതന്ത്ര്യസമരസേനാനിയും കവിയുമായിരുന്ന ബോധേശ്വരന്റെയും വി.കെ. കാർത്യായനി അമ്മയുടെയും മകളാണ്. തത്വശാസ്ത്രത്തിൽ എം.എ. ബിരുദം നേടിയിട്ടുണ്ട്. പരേതനായ ഡോ. കെ. വേലായുധൻ നായറാണ് ഭർത്താവ്. മകൾ ലക്ഷ്മി.

മഴയോടും വെയിലിനോടും മണ്ണിനോടും തണലിനോടും നന്ദി പറഞ്ഞാണ് സുഗതകുമാരി യാത്രയാകുന്നത്.. അടുത്തജന്മം ഈ മണ്ണിൽത്തന്നെ കഷ്ടപ്പെടാനും പാടുപെടാനും വീണ്ടും വരുമെന്ന ഉറപ്പോടെ അതുല്യ വ്യക്തിത്വം വിട പറയുന്നു.

Story highlights- about sugathakumari