നേട്ടമെല്ലാം സ്വന്തമാക്കിയത് ഒറ്റ വൃക്കയുള്ള ശരീരവുമായി; മനസ്സുതുറന്ന് അഞ്ജു ബോബി ജോര്‍ജ്

December 7, 2020
Anju Boby George about Physical Condition

നിരവധി നേട്ടങ്ങള്‍ ചാടിക്കടന്ന് കായികപ്രേമികളുടെ പ്രിയം നേടിയ താരമാണ് മലയാളിയായ അഞ്ജു ബോബി ജോര്‍ജ്. കേരളത്തിന്റെ അഭിമാനം. ഒരു വൃക്കയുമായാണ് താന്‍ ജീവിക്കുന്നത് എന്നു തുറന്നുപറഞ്ഞ അഞ്ജു ബോബി ജോര്‍ജിന്റെ വാക്കുകളാണ് സമൂഹമാധ്യമങ്ങളിലും കായികലോകത്തും ശ്രദ്ധ നേടുന്നത്. രാജ്യാന്തര കരിയറില്‍ നിന്നും വിരമിച്ച ശേഷം വര്‍ഷങ്ങള്‍ക്കിപ്പുറമാണ് താരം ഇക്കാര്യങ്ങളെക്കുറിച്ച് മനസ്സുതുറന്നത്.

‘വിശ്വസിച്ചാലും ഇല്ലെങ്കിലും ഒരു കാര്യം പറയട്ടെ ഒറ്റ വൃക്കയുമായി ജീവിച്ച് ഉയരങ്ങളിലെത്താന്‍ ഭാഗ്യം ലഭിച്ച അപൂര്‍വ്വം ആളുകളില്‍ ഒരാളാണ് ഞാന്‍. പരിക്കുകള്‍ പറ്റുമ്പോഴുള്ള വേദനയും തുടര്‍ന്ന് വേദന സംഹാരികള്‍ കഴിക്കുമ്പോഴുള്ള അലര്‍ജിയുമൊക്കെ അസഹനീയമായിരുന്നു. എങ്കിലും ഇവിടെവരെയെത്തി. പരിശീലകന്റെ മാജിക് എന്നും ഇതിനെ വിളിക്കാം.’ അഞ്ജു ബോബി ജോര്‍ജ് ട്വീറ്റ് ചെയ്തു. കേന്ദ്ര കായികമന്ത്രി കിരണ്‍ റിജിജുവിനെ ഉള്‍പ്പെടെ ടാഗ് ചെയ്തിരുന്നു താരം ട്വീറ്റില്‍.

‘അഞ്ജു, താങ്കളുടെ കഠിനാധ്വാനവും മനോധൈര്യവും മികച്ച പരിശീലക സംഘവും ഇന്ത്യയ്ക്ക് വലിയ നേട്ടങ്ങളാണ് സമ്മാനിച്ചത്. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ ഒരേയൊരു ഇന്ത്യക്കാരി എന്ന താങ്കളുടെ നേട്ടത്തില്‍ രാജ്യം അഭിമാനിക്കുന്നു’. എന്നു കുറിച്ചുകൊണ്ടാണ് കേന്ദ്ര കായിക മന്ത്രി അഞ്ജുവിനെ അഭിനന്ദിച്ചത്.

Story highlights: Anju Boby George about Physical Condition