ഫഹദ് ഫാസിലിന്‍റെ ‘മാലിക്’ തിയേറ്ററുകളില്‍ റിലീസ് ചെയ്യും; പെരുന്നാള്‍ ദിനത്തില്‍ ചിത്രം പ്രേക്ഷകരിലേയ്ക്ക്

December 23, 2020
Fahad Fazil's 'Malik' will be released in theaters

ഒരു നോട്ടം കൊണ്ടുപോലും സിനിമയില്‍ അഭിനയ വിസ്മയങ്ങള്‍ ഒരുക്കുന്ന ചലച്ചിത്രതാരമാണ് ഫഹദ് ഫാസില്‍. അവതരിപ്പിക്കുന്ന ഓരോ കഥാപാത്രങ്ങളേയും താരം അതിന്റെ പരിപൂര്‍ണ്ണതയിലെത്തിക്കുന്നു. പ്രഖ്യാപനം മുതല്‍ക്കേ പ്രേക്ഷകര്‍ ഏറ്റെടുത്തതാണ് ഫഹദ് ഫാസില്‍ പ്രധാന കഥാപാത്രമായെത്തുന്ന മാലിക് എന്ന ചിത്രം. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

2021 മെയ് 13 ന് പെരുന്നാള്‍ ദിനത്തിലായിരിക്കും ചിത്രം പ്രേക്ഷകരിലേക്കെത്തുക. കൊവിഡ് ഭീഷണിയെ തുടര്‍ന്ന് മാലിക് ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുമെന്ന് ചില പ്രചരണങ്ങള്‍ നേരത്തെ പുറത്തെത്തിയിരുന്നു. എന്നാല്‍ തിയേറ്റുകളില്‍ തന്നെയായിരിക്കും ചിത്രത്തിന്റെ റിലീസ്. സിനിമയുടെ സെന്‍സറിങ് പൂര്‍ത്തിയായി. ക്ലീന്‍ യു സര്‍ട്ടിഫിക്കേറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

Read more: ജീവന്റെ വിലയും സ്‌നേഹത്തിന്റെ ആര്‍ദ്രതയും ഓര്‍മ്മപ്പെടുത്തി ‘കോയി’

മാലിക്കിനു വേണ്ടിയുള്ള ഫഹദ് ഫാസിലിന്റെ മേക്കോവര്‍ ചിത്രങ്ങളും ചലച്ചിത്രലോകത്ത് ശ്രദ്ധ നേടിയിരുന്നു. മഹേഷ് നാരായണന്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സംവിധാനത്തിന് പുറമെ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ചിത്രസംയോജനം നിര്‍വഹിക്കുന്നതും മഹേഷ് നാരായണന്‍ ആണ്. നിമിഷ സജയനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് ആണ് മാലിക്കിന്റെ നിര്‍മാണം. ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട്, ചന്ദുനാഥ് തുടങ്ങിയവരും ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായെത്തുന്നു.

Story highlights: Fahad Fazil’s ‘Malik’ will be released in theaters