എന്റെ ഫോണിൽ നിന്നും ഫോട്ടോ എടുത്താൽ ഞാൻ പോസ്റ്റും- ഫഹദിന്റെ ചിത്രവുമായി ഫർഹാൻ ഫാസിൽ

December 7, 2020

മലയാള സിനിമയിലെ പ്രിയ താര ജോഡിയാണ്‌ ഫഹദ് ഫാസിലും നസ്രിയയും. ഫഹദ് സമൂഹ മാധ്യമങ്ങളിൽ സജീവമല്ലെങ്കിലും എല്ലാ വിശേഷങ്ങളും നസ്രിയയും ഫഹദിന്റെ സഹോദരൻ ഫർഹാൻ ഫാസിലും പങ്കുവയ്ക്കാറുണ്ട്. ചേട്ടത്തിയമ്മയാണെങ്കിലും നസ്രിയ അടുത്ത സുഹൃത്താണ് ഫർഹാന്. അടുത്തിടെ നസ്രിയക്കൊപ്പമുള്ള രസകരമായ ചിത്രങ്ങൾ ഫർഹാൻ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ, ഫഹദ് ഫാസിലിന്റെ മനോഹരമായൊരു ചിത്രം പങ്കുവയ്ക്കുകയാണ് ഫർഹാൻ.

‘മോഡൽ- സഹോദരൻ, ഫോട്ടോഗ്രാഫർ- ചേട്ടത്തിയമ്മ, ഉപയോഗിച്ച ഫോൺ- എന്റേത്. അതുകൊണ്ട് ഫോട്ടോ ഞാൻ അപ്‌ലോഡ് ചെയ്യുന്നു’ എന്നാണ് ചിത്രത്തിനൊപ്പം ഫർഹാന്റെ വാക്കുകൾ. രസകരമായ ക്യാപ്ഷനും, മനോഹരമായ ചിത്രത്തിനും ഒട്ടേറെ കമന്റുകളും ലഭിച്ചു.

സഹോദരനൊപ്പമുള്ള നിരവധി ചിത്രങ്ങൾ ഫർഹാൻ ഫാസിൽ പങ്കുവയ്ക്കാറുണ്ട്. ബാലതാരമായി വെള്ളിത്തിരയിൽ അരങ്ങേറിയ താരമാണ് ഫഹദ് ഫാസിൽ. പപ്പയുടെ സ്വന്തം അപ്പൂസ്, എന്റെ സൂര്യ പുത്രിയ്ക്ക്, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ എന്നീ ചിത്രങ്ങളിലെല്ലാം ഫഹദ് വേഷമിട്ടിരുന്നു. പിന്നീട് കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ നായകനായി എത്തിയെങ്കിലും ശക്തമായ തിരിച്ചുവരവ് നടത്തിയത് വർഷങ്ങളെടുത്താണ്.

Read More: കത്തുകൾ പോസ്റ്റ് ചെയ്യാൻ ഒരു കടൽയാത്ര; വിചിത്രമാണ് കടലിനടിയിലെ ഈ തപാൽപെട്ടി

ഫർഹാൻ ഫാസിലും ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചിരുന്നു. രാജീവ് രവി സംവിധാനം ചെയ്ത ചിത്രത്തിൽ അഹാന കൃഷ്ണയായിരുന്നു നായിക. അതേസമയം, വിവാഹശേഷം നീണ്ട ഇടവേളയെടുത്ത നസ്രിയ വീണ്ടും സജീവമാകുകയാണ്. ഏറ്റവും ഒടുവിൽ മണിയറയിലെ അശോകൻ എന്ന ചിത്രത്തിലാണ് നടി വേഷമിട്ടത്. ഇപ്പോൾ നാനിയുടെ നായികയായി തെലുങ്കിലേക്ക് ചേക്കേറുകയാണ് നടി.

Story Highlights- farhan fassil instagram post