‘ഇന്ത്യൻ 2’ ചിത്രീകരണം ജനുവരിയിൽ പുനഃരാരംഭിക്കാൻ കമൽ ഹാസൻ

December 11, 2020

കമൽ ഹാസൻ നായകനായി അഭിനയിച്ച ‘ഇന്ത്യൻ’ 1996ലായിരുന്നു റിലീസായത്. വമ്പൻ വിജയമായ ചിത്രത്തിന് 24 വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ 2 എന്ന പേരിൽ രണ്ടാം ഭാഗം ഒരുങ്ങുകയാണ്. ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെ സെറ്റിൽ സംഭവിച്ച അപകടത്തിന് ശേഷം ചിത്രീകരണം നിർത്തിവെച്ചിരുന്നു. പിന്നീട് കൊവിഡ് പ്രതിസന്ധിയും എത്തിയതോടെ ചിത്രീകരണം നീളുകയായിരുന്നു.

ഇപ്പോഴിതാ, ഇന്ത്യൻ 2 ജനുവരിയിൽ പുനഃരാരംഭിക്കുമെന്നു റിപ്പോർട്ടുകൾ. രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് തിരക്കിലായതിനാൽ ഒരു മാസത്തിനുള്ളിൽ അദ്ദേഹം ചിത്രം പൂർത്തിയാക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2021 ഏപ്രിലിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ജനുവരി മുതൽ തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമൽ ഹാസന്റെ തീരുമാനം. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിലെ കമൽ ഹാസന്റെ പ്രധാന ഭാഗങ്ങൾ ഇതിനോടകം ചിത്രീകരണം പൂർത്തിയാക്കിയിരുന്നു. ബാക്കിയുള്ള ഭാഗങ്ങൾ ജനുവരിയിൽ പൂർത്തിയാക്കണമെന്നാണ് താരം അണിയറപ്രവർത്തകരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Read More: ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനം ഫെബ്രുവരിയില്‍, മത്സരക്രമം പ്രഖ്യാപിച്ചു

കാജൽ അഗർവാൾ, രാകുൽ പ്രീത് സിംഗ് എന്നിവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നടൻ വിവേക് ​​ആദ്യമായി കമൽ ഹാസനുമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇന്ത്യൻ 2. ചിത്രത്തിൽ ഐശ്വര്യ രാജേഷും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ലൈക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദർ സംഗീതം നൽകും.

Story highlights- Kamal Haasan to resume ‘Indian 2’ shoot in January 2021