അമ്മയെപ്പോലെ മകൾ- നൈനികയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് മീന

December 9, 2020

അഭിനയലോകത്തേക്ക് ബാലതാരമായി എത്തിയ മീന വർഷങ്ങളായി സിനിമയിൽ സജീവമാണ്. പല സൂപ്പർതാരങ്ങളുടെയും മകളായും, നായികയായുമെല്ലാം അന്നുമിന്നും നിറസാന്നിധ്യമായ മീനയുടെ മകൾ നൈനികയും അമ്മയുടെ പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തിയിരുന്നു. 2016ൽ വിജയ് നായകനായ സൂപ്പർഹിറ്റ് ചിത്രം തെരിയിലൂടെയാണ് നൈനിക അരങ്ങേറ്റം കുറിച്ചത്.

അരവിന്ദ് സ്വാമി, അമല പോൾ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ഭാസ്‌കർ ഒരു റാസ്‌കൽ’ എന്ന ചിത്രത്തിലും ശ്രദ്ധേയ വേഷത്തിലാണ് നൈനിക എത്തിയത്. ഇപ്പോഴിതാ, നൈനികയ്‌ക്കൊപ്പമുള്ള മനോഹരമായ ഒരു ചിത്രം പങ്കുവയ്ക്കുകയാണ് മീന. തമിഴ് സിനിമാ ലോകത്ത് തെരി ബേബി എന്ന് അറിയപ്പെടുന്ന നൈനിക അമ്മയ്ക്കും മുത്തശ്ശി രാജമാലികയ്ക്കും ഒപ്പമുള്ള ചിത്രങ്ങളും ശ്രദ്ധനേടുകയാണ്. മീനയുടെ തനിപ്പകർപ്പാണ് നൈനിക. അമ്മയും മകളും തമ്മിലുള്ള സാമ്യമാണ് എല്ലാവരെയും അമ്പരപ്പിക്കുന്നത്.

അതേസമയം, രജനീകാന്തിന്റെ സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന അണ്ണാത്തെ എന്ന സിനിമയിൽ മീന ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഏറ്റവും ഒടുവിൽ ദൃശ്യം 2ലാണ് മീന വേഷമിട്ടത്. മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം ഒരേ സമയം തിളങ്ങിയ മീന വിവാഹ ശേഷം കുഞ്ഞുണ്ടായപ്പോൾ മാത്രമാണ് സിനിമയിൽ നിന്നും ഒന്ന് മാറിനിന്നത്. എന്നാൽ അതിലും ശക്തമായി ഗംഭീര മെയ്‌ക്കോവർ നടത്തി തിരികെയെത്തുകയും ചെയ്തു.

Read more: കിം കിം ഡാൻസുമായി ബിജുക്കുട്ടന്റെ മകൾ- ശ്രദ്ധനേടി വീഡിയോ

സാന്ത്വനം എന്ന സുരേഷ് ഗോപി ചിത്രത്തിൽ അഭിനയിച്ചാണ് മലയാള സിനിമയിലേക്ക് എത്തിയത്. മോഹൻലാലിന്റെ ഒപ്പം ഏറ്റവും അധികം അഭിനയിച്ച നായികമാരിൽ ഒരാളാണ് മീന. മാത്രമല്ല, എല്ലാ ഭാഷയിലെയും സൂപ്പർ താരങ്ങൾക്കൊപ്പവും അഭിനയിക്കാൻ മീനയ്ക്ക് സാധിച്ചു.

Story highlights- Latest photos of Nainika shared by meena