വേഷപ്പകര്‍ച്ചയില്‍ അതിഗംഭീര പ്രകടനവുമായി വിക്രം; ഒപ്പം ഇര്‍ഫാന്‍ പഠാനും റോഷനും: കോബ്ര ടീസര്‍

January 9, 2021
Chiyaan Vikram Cobra Official Teaser

തമിഴകത്ത് മാത്രമല്ല തെന്നിന്ത്യ ഒട്ടാകെ ആരാധകരുണ്ട് ചിയാന്‍ വിക്രമിന്. വെള്ളിത്തിരയിലെ അഭിനയ വിസ്മയങ്ങള്‍ക്കൊപ്പം തന്നെ പലപ്പോഴും ആരാധകരോടുള്ള താരത്തിന്റെ ഇടപെടലുകളും സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ചലച്ചിത്രലോകത്ത് വേഷപ്പകര്‍ച്ചകൊണ്ട് പ്രേക്ഷകരെ അതിശയിപ്പിക്കുന്ന താരമാണ് വിക്രം. ഏതൊരു കഥാപാത്രത്തെയും അതിന്റെ പൂര്‍ണ്ണതയില്‍ താരം അവതരിപ്പിക്കുന്നു.

വേഷപ്പകര്‍ച്ചകൊണ്ട് പ്രേക്ഷകരെ അതിശയിപ്പിക്കാന്‍ വിക്രം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് കോബ്ര. ഒന്നും രണ്ടും വേഷപ്പകര്‍ച്ചകള്‍ അല്ല, മറിച്ച് ഏഴ് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് താരമെത്തുന്നത്. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാനും മലയാളീതാരം റോഷന്‍ മാത്യുവും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. എല്ലാ പ്രശ്‌നങ്ങള്‍ക്കും മാത്തമാറ്റിക്കല്‍ പരിഹാരമുണ്ട് എന്ന ടാഗ്- ലൈനോടെയാണ് ചിത്രം പ്രേക്ഷകരിലേയ്‌ക്കെത്തുക.

Read more: ഇന്റര്‍നാഷ്ണല്‍ ലുക്ക്; പക്ഷെ സംഗതി ‘മ്മ്‌ടെ കോയിക്കോടാണ്’: വൈറലായ ആ ചിത്രങ്ങള്‍ക്ക് പിന്നില്‍

അജയ് ജ്ഞാനമുത്തുവാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ‘ഇമൈക്ക നൊടികള്‍’, ‘ഡിമോണ്ടെ കോളനി’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് അജയ് ജ്ഞാനമുത്തു. ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാന്‍ ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായാണ് എത്തുന്നത്. ടീസറിലെ താരത്തിന്റെ പ്രകടനവും പ്രശംസനീയമാണ്. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രമാണ് ‘കോബ്ര’. സംഗീത മാന്ത്രികന്‍ എ ആര്‍ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ‘കോബ്ര’.

Story highlights: Chiyaan Vikram Cobra Official Teaser