ഉണ്ണി മുകുന്ദൻ എഴുതി ജ്യോത്സന ആലപിച്ച ഗാനം- ‘മരട് 357’ലെ ഹിന്ദി ഗാനം ശ്രദ്ധനേടുന്നു
മരട് ഫ്ലാറ്റ് പൊളിക്കൽ വിഷയത്തെ ആസ്പദമാക്കി വെള്ളിത്തിരയിൽ ഒരുങ്ങുന്ന ചിത്രമാണ് ‘മരട് 357‘. കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനൂപ് മേനോൻ ആണ് മുഖ്യകഥാപാത്രമായി എത്തുന്നത്. ഇപ്പോഴിതാ, ചിത്രത്തിലെ പുതിയ ഗാനം പങ്കുവെച്ചിരിക്കുകയാണ് നടൻ ദിലീപ്. ‘ഹോ ജാനേ ദേ..’ എന്നുതുടങ്ങുന്ന ഹിന്ദി ഗാനം രചിച്ചിരിക്കുന്നത് നടൻ ഉണ്ണി മുകുന്ദനാണ്. ജ്യോത്സനയാണ് ആലപിച്ചിരിക്കുന്നത്. അഭിനയത്തിലും നിർമാണത്തിലും ഗാനരചനയിലും കയ്യൊപ്പ് പതിപ്പിച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. ഉണ്ണി മുകുന്ദന്റെ വരികൾക്ക് സാനന്ദ് ജോർജ്ജ് ഗ്രേസ് ഈണം പകർന്നിരിക്കുന്നു.
അതേസമയം, ഫെബ്രുവരി 19 നായിരിക്കും ചിത്രം തിയേറ്ററിൽ എത്തുക. ഏറെ ചർച്ചകൾക്ക് ഇടം നൽകിയ സംഭവമായിരുന്നു മരട് ഫ്ലാറ്റ് വിഷയം. അനധികൃതമായി നിർമിച്ച ഫ്ലാറ്റുകളിൽ നിന്നും 357 കുടുംബങ്ങൾക്കാണ് മാറി താമസിക്കേണ്ടി വന്നത്. കഴിഞ്ഞ വർഷം ജനുവരി 11 നാണ് മരടിൽ ഫ്ലാറ്റ് പൊളിച്ചുനീക്കിയത്. മരട് ഫ്ലാറ്റ് സമുച്ചയം പൊളിച്ച് ഒരു വർഷത്തിന് ശേഷമാണ് ഈ വിഷയത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം റിലീസിനൊരുങ്ങുന്നത്. അതേസമയം കഴിഞ്ഞ മാർച്ചിൽ റിലീസ് ചെയ്യാനിരുന്ന സിനിമ കൊവിഡ്-19 പശ്ചാത്തലത്തിൽ നീട്ടിവയ്ക്കുകയായിരുന്നു.
ദിനേശ് പള്ളത്തിന്റെ തിരക്കഥയിലൂടെയാണ് സംവിധായകൻ കണ്ണൻ താമരക്കുളം മരട് ഫ്ലാറ്റ് വിഷയം വെള്ളിത്തിരയിൽ എത്തിക്കാനൊരുങ്ങുന്നത്. അബാം മൂവീസിന്റെ ബാനറിൽ അബ്രഹാം മാത്യു ആണ് ചിത്രം നിർമിക്കുന്നത്.
Read More: ‘ഒരു ദൈവം തന്ത പൂവേ..’- കടൽകാഴ്ചകളിൽ മുഴുകി വിനീതും മകളും
ഫ്ലാറ്റിൽ നിന്നും ഇറങ്ങേണ്ടി വന്ന 357 കുടുംബങ്ങളുടെ അവസ്ഥയും ഒപ്പം ഫ്ലാറ്റ് നിർമാണത്തിൽ നടന്ന അഴിമതിയും മാധ്യമങ്ങളിൽ വന്നിട്ടില്ലാത്ത ഒട്ടേറെ സംഭവങ്ങളുമാണ് സിനിമയിലൂടെ പങ്കുവെയ്ക്കുന്നതെന്ന് കണ്ണൻ താമരക്കുളം നേരത്തെ പറഞ്ഞിരുന്നു.
Story highlights- maradu 457 movie song