നിഴലും കോൾഡ് കേസും ഒരേദിനം തിയേറ്ററുകളിലേക്ക്

January 16, 2021

കേരളത്തിൽ തിയേറ്ററുകൾ സജീവമാകുന്നതോടെ മാർച്ച് അവസാനം വരെ നിരവധി ചിത്രങ്ങൾ പ്രദർശനത്തിനെത്തും. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ തന്നെ പ്രേക്ഷകർ കാത്തിരുന്ന ചിത്രങ്ങൾ എത്തുമെങ്കിലും മാർച്ചിലും വമ്പൻ റിലീസുകൾ ഉണ്ട്.

മാർച്ച് ആദ്യ ആഴ്ചതന്നെ പൃഥ്വിരാജിന്റെ കോൾഡ് കേസ്, കുഞ്ചാക്കോ ബോബനും നയൻതാരയും ഒന്നിക്കുന്ന നിഴൽ എന്നീ ചിത്രങ്ങൾ പ്രദർശനത്തിനെത്തും. നവാഗത സംവിധായകർ ഒരുക്കുന്ന രണ്ടു ചിത്രങ്ങളും ഒരേ ദിനമാണ് പ്രദർശനത്തിന് എത്തുന്നത്. മാർച്ച് നാലിനാണ് ചിത്രങ്ങൾ തിയേറ്ററിലേക്ക് എത്തുന്നത്.

പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തുന്ന ചിത്രമാണ് കോൾഡ് കേസ്. തിരുവനന്തപുരത്ത് ചിത്രീകരണം പൂർത്തിയാക്കിയ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ തനു ബാലക്കാണ്. അന്വേഷണ ഉദ്യോഗസ്ഥനായി പൃഥ്വിരാജ് വേഷമിടുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് അദിതി ബാലനാണ്. ഗിരീഷ് ഗംഗാധരനും ജോമോന്‍.ടി. ജോണും ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രം ആന്റോ ജോസഫും പ്ലാന്‍ ജെ സ്റ്റുഡിയോയുടെ ബാനറില്‍ ജോമോന്‍.ടി.ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവരും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

കുഞ്ചാക്കോ ബോബനും നയൻതാരയും പ്രധാന വേഷത്തിൽ അഭിനയിക്കുന്ന നിഴൽ കൊച്ചിയിൽ 45 ദിവസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. മിസ്റ്ററി ത്രില്ലറായാണ് ചിത്രം എത്തുന്നത്. ദേശീയ അവാർഡ് നേടിയ എഡിറ്റർ അപ്പു എൻ ഭട്ടതിരി സംവിധാനം ചെയ്യുന്ന നിഴലിൽ കുഞ്ചാക്കോ ബോബൻ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റായ ജോൺ ബേബിയായാണ് എത്തുന്നത്. 

Read More: നായകനായി പ്രഭാസ്; ബിഗ്ബജറ്റില്‍ സലാര്‍ ഒരുങ്ങുന്നു

നവാഗതനായ സഞ്ജീവ് തിരക്കഥയെഴുതുന്ന സിനിമയുടെ ക്രിയേറ്റിവ് വിഭാഗത്തിൽ തീവണ്ടി സംവിധായകൻ ഫെല്ലിനിയുമുണ്ട്. ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് നയൻതാര ചിത്രത്തിൽ കൈകാര്യം ചെയ്യുന്നത്.

Story highlights- nizhal and cold case release date