‘സലാറി’ൽ പ്രഭാസിന്റെ നായികയായി ശ്രുതി ഹാസൻ; വില്ലൻ വേഷത്തിൽ വിജയ് സേതുപതി

January 28, 2021

കന്നഡ സിനിമയെ ദദേശീയ തലത്തിൽ അടയാളപ്പെടുത്തിയ സിനിമയായിരുന്നു കെ ജി എഫ്. ചിത്രത്തിന്റെ രണ്ടാം ഭാഗം റിലീസിന് ഒരുങ്ങുമ്പോൾ സംവിധായകൻ പ്രശാന്ത് നീൽ പ്രഭാസുമായി കൈകോർക്കുകയാണ്. സലാർ എന്ന ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ ആരാധകർ ആവേശത്തിലാണ്. കെ ജി എഫ് നിർമാതാക്കളായ ഹോംബാലെ ഫിലിംസാണ് ചിത്രം ഒരുക്കുന്നത്. അതേസമയം, ചിത്രത്തിൽ നായികയായി എത്തുന്നത് ശ്രുതി ഹാസനാണെന്ന വിശേഷമാണ് ഇപ്പോൾ ചർച്ചയാകുന്നത്.

പ്രഭാസിനൊപ്പം ആദ്യമായി ശ്രുതി ഹാസൻ വേഷമിടുന്ന ചിത്രമാണ് സലാർ. അതേസമയം, നായികയായി ശ്രുതി എത്തുമ്പോൾ വില്ലനായി വേഷമിടുന്നത് വിജയ് സേതുപതിയാണ്. മാസ്റ്റർ എന്ന ചിത്രത്തിൽ വിജയ് സേതുപതി അവതരിപ്പിച്ച ഭവാനി എന്ന വില്ലൻ വേഷം മികച്ച അഭിപ്രായം നേടുന്ന സമയത്താണ് സലാറിലേക്കും വിജയ് സേതുപതി വില്ലൻ വേഷത്തിൽ എത്തുന്നത്.ശ്രുതിയും വിജയ് സേതുപതിയും ഒന്നിക്കുന്ന ലാഭം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയതിന് ശേഷമാണ് ഇരുവരും സലാറിലേക്ക് എത്തുന്നത്.

Read More: ആഫ്രിക്കൻ മണ്ണിൽ കണ്ടെത്തിയ ‘കള്ളിനൻ’; ലോകത്തിലെ ഏറ്റവും വലിയ വജ്രത്തിന്റെ പ്രത്യേകതകൾ

അതേസമയം പ്രഭാസിന്റെ ഇതുവരെയുള്ള ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായിരിക്കും സലാർ എന്നാണ് അണിയറപ്രവർത്തകർ അറിയിക്കുന്നത്. ഉഗ്രം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് പ്രശാന്ത് നീൽ. യാഷ് നായകനായി എത്തിയ കെജിഎഫ് രണ്ടാം ഭാഗത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ചലച്ചിത്ര പ്രേമികൾ. ചിത്രത്തിൽ സഞ്‌ജയ്‌ ദത്ത് ആണ് വില്ലനായി എത്തുന്നത്. വില്ലൻ അധീരയെന്ന കഥാപാത്രത്തെയാണ് സഞ്ജയ് ദത്ത് അവതരിപ്പിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ മികച്ച സ്വീകാര്യത നേടിയിരുന്നു.

Story Highlights- shruti hassan plays lead role in salaar