lakshya

ജഡ്ജസിനെയും മീനാക്ഷിയെയും കാണികളാക്കി മത്സരാർത്ഥികൾ ടോപ് സിംഗർ വേദി പുനഃരാവിഷ്കരിച്ചപ്പോൾ- രസകരമായ വീഡിയോ

January 17, 2021

മലയാള ടെലിവിഷൻ ചരിത്രത്തിൽ ടോപ് സിംഗറിനോളം ജനപ്രീതി നേടിയ മറ്റൊരു സംഗീത പരിപാടിയില്ല. കുരുന്നു പാട്ടുകാരുടെ അസാമാന്യ ഗാന വൈഭവവും രസകരമായ നിമിഷവുമൊക്കെ ടോപ് സിംഗറിനെ വേറിട്ട് നിർത്തുന്നു. ആദ്യ സീസൺ അവസാനിച്ചതിന് തൊട്ടുപിന്നാലെ തന്നെ രണ്ടാം സീസണും എത്തി. ഇത്തവണ പാട്ടിനൊപ്പം കുറുമ്പും കുസൃതിയും അൽപം കൂടുതലുള്ള മത്സരാർത്ഥികളാണ് മാറ്റുരയ്ക്കുന്നത്. ഭാവ ഗായകരും, നടൻ പാട്ടിന്റെ ചേലുള്ളവരും മാത്രമല്ല, അഭിനയത്തിലും മുന്നിട്ട് നിൽക്കുന്നവർ ടോപ് സിംഗർ സീസൺ 2ന്റെ വേദിയിലുണ്ട്. ഇപ്പോഴിതാ, പാട്ടിനൊപ്പം അഭിനയത്തിലും മികവ് തെളിയിച്ച് ചിരിപടർത്തുകയാണ് കുട്ടിക്കുറുമ്പുകൾ.

ടോപ് സിംഗർ സീസൺ 2ന്റെ നൂറാം എപ്പിസോഡ് ആഘോഷങ്ങൾക്കൊപ്പമായിരുന്നു ഒരു കോമഡി സ്‌കിറ്റ് കുട്ടിപ്പാട്ടുകാർ അവതരിപ്പിച്ചത്. പരിപാടിയുടെ അവതരകയായ മീനാക്ഷിക്ക് പകരം ദേവനന്ദയാണ് എത്തിയത്. എം ജി ശ്രീകുമാറായി അക്ഷിത്തും, ദീപക് ദേവായി ശ്രീദേവും മധു ബാലകൃഷ്ണനായി ശ്രീനന്ദുമാണ് എത്തിയത്. ആശ ശരത്തായി ശ്രീനന്ദയും എത്തി. ശ്രദ്ധേയമായ കാര്യം, ഇവരെല്ലാം ജഡ്ജസിനെയും മീനാക്ഷിയെയും എത്രത്തോളം സൂക്ഷ്മമായി നിരീക്ഷിച്ചാണ് കഥാപാത്രങ്ങളായി എത്തിയത് എന്നതാണ്. വളരെ രസകരമായ സ്‌കിറ്റ് പൊട്ടിച്ചിരിയോടെയാണ് ജഡ്ജസും ആസ്വദിച്ചത്.

Read More: ആക്ഷൻ രംഗങ്ങളുമായി സെന്തിൽ കൃഷ്ണ- ‘ഉടുമ്പ്’ ടീസർ ശ്രദ്ധനേടുന്നു

നൂറാം എപ്പിസോഡ് ആഘോഷങ്ങൾ മൂന്നു മണിക്കൂർ നീണ്ട പരിപാടിയാണ് സംപ്രേഷണം ചെയ്തത്. അനുഗ്രഹീത താരം ഇന്നസെന്റായിരുന്നു നൂറാം എപ്പിസോഡിന്റെ അതിഥി. മാത്രമല്ല, നിരവധി കലാരൂപങ്ങളും ആഘോഷത്തിന്റെ ഭാഗമായി ടോപ് സിംഗർ വേദിയിൽ അരങ്ങേറി.

Story highlights- top singer 100th episode celebration