സീതയായി ആലിയ ഭട്ട്; പ്രേക്ഷക ശ്രദ്ധനേടി ആർആർആർ ലുക്ക്

March 15, 2021
alia bhatt as sita

ബാഹുബലിക്ക് ശേഷം രാജമൗലിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ആർആർആർ. രൗദ്രം രണം രുദിരം എന്നതിന്റെ ചുരുക്കപ്പേരാണ് ആർആർആർ. ആരാധകർ കാത്തിരിക്കുന്ന ചിത്രത്തിലെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ബോളിവുഡ് താരം ആലിയ ഭട്ടിന്റെ ലുക്കാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിൽ സീതയായാണ് ആലിയ വേഷമിടുന്നത്. മികച്ച സ്വീകാര്യതയാണ് ആലിയയുടെ പോസ്റ്ററിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ജൂനിയർ എൻടിആർ, രാം ചരൺ എന്നിവർ മുഖ്യകഥാപാത്രങ്ങളാകുന്ന ചിത്രം 1920-കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്യ സമരസേനാനികളുടെ കഥയാണ് പറയുന്നത്. അല്ലൂരി സീതാരാമ രാജുവായി രാം ചരണെത്തുമ്പോൾ കോമരം ഭീം ആയി എത്തുന്നത് ജൂനിയർ എൻടിആറാണ്. 450 കോടി മുതൽ മുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിൽ ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും അജയ് ദേവ്ഗണും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇരുവരുടെയും ആദ്യ ദക്ഷിണേന്ത്യൻ ചിത്രം കൂടിയാണ് ആർആർആർ.

Read also:നിർഭാഗ്യം നിറഞ്ഞ നാലാം നമ്പർ; കൗതുകമായ ചില വിശ്വാസങ്ങൾ

ഡിവിവി എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ ഡിവിവി ധനയ്യ ആണ് ചിത്രം നിർമിക്കുന്നത്. എം എം കീരവാണി സംഗീതം നിർവഹിക്കുന്നു. 2020 മാർച്ചോടെ ചിത്രീകരണം പ്ലാൻ ചെയ്ത് 2020 ജൂലൈ 30-ന് റിലീസ് ചെയ്യാനിരുന്ന ചിത്രത്തിൻ്റെ ഷൂട്ടിങ് കൊവിഡ് പശ്ചാത്തലത്തിൽ നിർത്തിവെച്ചിരുന്നു. ഇപ്പോഴിതാ ഒക്ടോബർ 13 ന് ചിത്രം പ്രേക്ഷകരിലേക്കെത്തും എന്നാണ് അണിയറപ്രവർത്തകർ അറിയിക്കുന്നത്.

Story Highlights:alia bhatt as sita in rrr