ആലാപനത്തില്‍ വീണ്ടും കൈയടി നേടി ധനുഷ്; കര്‍ണനിലെ ഗാനം ശ്രദ്ധേയമാകുന്നു

March 12, 2021
Thattaan Thattaan Lyric Video Song from Karnan

അഭിനയത്തില്‍ മാത്രമല്ല ആലാപനത്തിലും കൈയടി നേടുന്ന താരമാണ് ധനുഷ്. ശ്രദ്ധ നേടുന്നതും ധനുഷ് ആലപിച്ച ഗാനമാണ്. കര്‍ണന്‍ എന്ന ചിത്രത്തിനു വേണ്ടി ധനുഷ് ആലപിച്ച ‘തട്ടാന്‍ തട്ടാന്‍…’ എന്ന ഗാനത്തിന് ഇതിനോടകംതന്നെ സംഗീതാസ്വാദകരില്‍ നിന്നും മികച്ച സ്വീകാര്യതയാണ് ലഭിയ്ക്കുന്നത്.

സന്തോഷ് നാരായണനാണ് ഗാനത്തിന് സംഗീതം പകര്‍ന്നിരിയ്ക്കുന്നത്. യുഗഭാരതിയുടേതാണ് വരികള്‍. ധനുഷിനൊപ്പം മീനാക്ഷി ഇളയരാജയും പാട്ടില്‍ ചേരുന്നുണ്ട്. അടുത്തിടെ ചിത്രത്തിന്റേതായി പുറത്തിറങ്ങിയ യേന്‍ ആളു പണ്ടാരത്തി… എന്ന ഗാനത്തിനും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്.

തമിഴകത്ത് മാത്രമല്ല തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള നടനാണ് ധനുഷ്. മലയാളികള്‍ പോലും നിറഞ്ഞ കൈയടികളോടെയാണ് താരത്തിന്റെ സിനിമകളെ വരവേല്‍ക്കാറ്. അതേസമയം മലയാളികള്‍ക്ക് അഭിമാനിക്കാന്‍ ഒന്നുകൂടിയുണ്ട് കര്‍ണന്‍ എന്ന ചിത്രത്തില്‍. മലയാളികളുടെ പ്രിയതാരം രജിഷ വിജയനാണ് സിനിമയില്‍ ധനുഷിന്റെ നായികയായെത്തുന്നത്. ലാലും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.

Read more: ചിരിക്കാന്‍ മടിച്ചിരുന്ന കാലത്ത് അവിചാരിതമായി കണ്ട വിഡിയോ; പിന്നെ ചിരി ജീവിതത്തിന്റെ ഭാഗമായി- കടല്‍ കടന്നെത്തി ചിരിയും പാട്ടും നൃത്തവുമായി സി. കാര്‍മല്‍

മാരി സെല്‍വരാജ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ‘പരിയേറും പെരുമാള്‍’ എന്ന ചിത്രത്തിന് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും കര്‍ണന്‍ എന്ന സിനിമയ്ക്കുണ്ട്.

രജിഷ വിജയന്റെ തമിഴിലേക്കുള്ള അരങ്ങേറ്റ ചിത്രംകൂടിയാണ് കര്‍ണന്‍. അതുകൊണ്ടുതന്നെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ ചിത്രത്തെ കാത്തിരിക്കുന്നതും. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് തനുവാണ് ചിത്രത്തിന്റെ നിര്‍മാണം. ഏപ്രിലില്‍ ചിത്രം പ്രേക്ഷകരിലേയ്ക്കെത്തും.

Story highlights: Thattaan Thattaan Lyric Video Song from Karnan