ഒന്നിന് പുറമെ ഒന്നായി ഒട്ടേറെ ചിത്രങ്ങളുമായി കുഞ്ചാക്കോ ബോബൻ; ഇനിയെത്തുന്നത് ‘നായാട്ട്’

April 7, 2021

ലോക്ക് ഡൗണിന് ശേഷം ഏറ്റവുമധികം ചിത്രങ്ങളുമായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുകയാണ് കുഞ്ചാക്കോ ബോബൻ. തിയേറ്റർ റീലിസായി പത്തോളം ചിത്രങ്ങളാണ് എത്തുന്നത്. മോഹൻകുമാർ ഫാൻസ്‌ മുതൽ മറിയം ടൈലേഴ്സ് വരെ നീളുന്നു ഈ പട്ടിക. മോഹൻകുമാർ ഫാൻസാണ് ആദ്യം തിയേറ്ററിൽ എത്തിയത്. ഇനി ഒന്നിന് പുറമെ ഒന്നായി നിഴൽ, നായാട്ട് എന്നിങ്ങനെ ഒട്ടേറെ കുഞ്ചാക്കോ ബോബൻ ചിത്രങ്ങൾ തിയേറ്ററുകളിലേക്ക് എത്തും. വിഷു ആഘോഷങ്ങൾ കുടുംബ പ്രേക്ഷകർ ആഘോഷമാക്കുക കുഞ്ചാക്കോ ബോബനൊപ്പമായിരിക്കും എന്നതിൽ സംശയമില്ല.

അതേസമയം, ഇനി റിലീസിന് എത്തുന്ന ചിത്രമാണ് നായാട്ട്. മാർട്ടിൻ പ്രക്കാട്ടിന്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ നായകനാകുന്ന ചിത്രമാണ് നായാട്ട്. കുഞ്ചാക്കോ ബോബന് പുറമെ ജോജി, നിമിഷ സജയൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ഏപ്രിൽ എട്ടിനാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. റിലീസിന് മുൻപ് തന്നെ ചിത്രത്തിലെ ഗാനങ്ങൾ ആസ്വാദക ഹൃദയങ്ങൾ കീഴടക്കി കഴിഞ്ഞു. ഒരു സസ്പെൻസ് ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്. ‘അയ്യപ്പനും കോശി’ക്കും ശേഷം അനിൽ നെടുമങ്ങാടിന്റെ ശക്തമായ വേഷവും നായാട്ടിൽ കാണാം.

ഇതിനു പുറമെ മറ്റൊരു പ്രത്യേകതയും ചിത്രത്തിനുണ്ട്. സീൻഓർഡർ അനുസരിച്ച് ചിത്രീകരിച്ച സിനിമയാണ് നായാട്ട്. തിരക്കഥയിൽ രേഖപ്പെടുത്തിയ സമയം നോക്കിയാണ് മിക്കപ്പോഴും ചിത്രീകരണം നടത്തിയത്. രാവിലെ, ഉച്ചയ്ക്ക്, വൈകുന്നേരം എന്നിങ്ങനെയുള്ള സമയത്ത് നടക്കുന്ന സംഭവങ്ങളെല്ലാം അതേസമയങ്ങളിൽത്തന്നെയാണ് ചിത്രീകരിച്ചത്. മാത്രമല്ല, സിനിമകളിൽ കണ്ടിട്ടില്ലാത്ത കൊടൈക്കനാലിലെ ഉൾപ്രദേശങ്ങൾ നായാട്ടിലുണ്ട്.

ചിത്രത്തിൽ പോലീസ് ഉദ്യോഗസ്ഥനായ പ്രവീൺ മൈക്കിളായാണ് കുഞ്ചാക്കോ ബോബൻ എത്തുന്നത്. നിമിഷയും ജോജുവും പോലീസ് വേഷത്തിൽ തന്നെയാണ് എത്തുന്നത്. ജോജു ജോർജ് നായകനായി വേഷമിട്ട് അവാർഡ് നേടിയ ചിത്രമായ ‘ജോസഫി’ന്റെ തിരക്കഥയൊരുക്കിയ ഷാഹി കബീറാണ് നായാട്ടിനും തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Read More: കേന്ദ്ര കഥാപാത്രങ്ങളായി കുഞ്ചാക്കോ ബോബനും നയന്‍താരയും; റിലീസിനൊരുങ്ങി നിഴല്‍

ചിത്രത്തിന്റെ അണിയറയിലും പ്രമുഖരാണ് അണിനിരക്കുന്നത്. ഛായാഗ്രഹണം ഷൈജു ഖാലിദ്, എഡിറ്റിങ് മഹേഷ് നാരായണന്‍, സംഗീതം വിഷ്ണു വിജയ്, ഗാനരചന അൻവർ അലി എന്നിവർ നിർവഹിക്കുന്നു. സംവിധായകൻ രഞ്ജിത്, ശശികുമാർ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഗോൾ‍ഡ് കോയ്ൻ പിക്ച്ചേർസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ചേർന്നാണ് നിർമ്മാണം. മാജിക്‌ ഫ്രെയിംസ് റിലീസ് ആണ് വിതരണം.

Story highlights- nayattu movie updates