പൊതുവായി അനുഭവപ്പെടുന്ന വിവിധയിനം തലവേദനയും കാരണങ്ങളും

ഒട്ടുമിക്ക ആളുകളിലും പതിവായി കാണുന്ന ഒന്നാണ് തലവേദന. പലതരത്തിലാണ് വേദന അനുഭവപ്പെടുന്നത്. കാരണം, ഒരൊറ്റ വേദനയ്ക്കും ഒരോ കാരണങ്ങളാണ്. ഏത് തരത്തിലുള്ള തലവേദനയാണെന്ന് മനസ്സിലായിക്കഴിഞ്ഞാൽ, ഡോക്ടർക്ക് സാധ്യതയുള്ള ചികിത്സ കണ്ടെത്താനും അവ തടയാൻ ശ്രമിക്കാനും കഴിയും.

മുതിർന്നവർക്കും കൗമാരക്കാർക്കും ഇടയിൽ ഉണ്ടാകുന്ന ഏറ്റവും സാധാരണമായ തലവേദനയാണ് ടെൻഷൻ കൊണ്ടുള്ള തലവേദന. അവ മിതമായ വേദനയുണ്ടാക്കുകയും കാലക്രമേണ കൂടുകയും ചെയ്യുന്നു. സാധാരണയായി മറ്റു ലക്ഷണങ്ങൾ ഒന്നും ഉണ്ടാകാറില്ല.

മൈഗ്രെയ്ൻ കൊണ്ടുള്ള തലവേദന 4 മണിക്കൂർ മുതൽ 3 ദിവസം വരെ നീണ്ടുനിൽക്കുകയും സാധാരണയായി മാസത്തിൽ ഒന്ന് മുതൽ നാല് തവണ വരെ അനുഭവപ്പെടുകയും ചെയ്യും. വേദനയ്‌ക്കൊപ്പം, പ്രകാശം, ശബ്ദം അല്ലെങ്കിൽ മണം എന്നിവയോടുള്ള സംവേദനക്ഷമത കുറയും. ഓക്കാനം അല്ലെങ്കിൽ ഛർദ്ദി, വിശപ്പില്ലായ്മ, വയറുവേദന എന്നിവയും അനുഭവപ്പെടാം.

ഏറ്റവും കഠിനമായ തലവേദനയാണ് ക്ലസ്റ്റർ തലവേദന. ഒരു കണ്ണിന് പുറകിലോ ചുറ്റുമോ കഠിനമായ കത്തുന്ന വേദന ഉണ്ടാകാം. ഇത് ഇടക്ക് മാത്രമോ സ്ഥിരമോ ആകാം. വേദന വളരെ കൂടുതലായതിനാൽ ക്ലസ്റ്റർ തലവേദനയുള്ള മിക്ക ആളുകൾക്കും അനങ്ങാൻ കഴിയില്ല. മാത്രമല്ല കണ്ണുകൾ ചുവന്നും കൺപോള വീർത്തും കാണാം.

2 ആഴ്ച മുതൽ 3 മാസം വരെ നീണ്ടുനിൽക്കാം ക്ലസ്റ്റർ തലവേദന. ഓരോ തവണയും വേദന 15 മിനിറ്റ് മുതൽ 3 മണിക്കൂർ വരെ നീണ്ടുനിൽക്കും. ഉറക്കവും നഷ്ടമാകും. മാസങ്ങളോ വർഷങ്ങളോ തലവേദന പൂർണ്ണമായും അപ്രത്യക്ഷമാകാം. പക്ഷെ, പിന്നീട് തിരികെ വരും. ഇങ്ങനെയുള്ള വേദനയ്ക്ക് സ്ത്രീകളേക്കാൾ പുരുഷന്മാർക്ക് മൂന്നോ നാലോ ഇരട്ടി സാധ്യതയുണ്ട്.

സൈനസ് തലവേദനയും കഠിനമാണ്. കവിൾത്തടങ്ങളിലോ നെറ്റിയിലോ മൂക്കിന്റെ പാലത്തിലോ സ്ഥിരമായി വേദന അനുഭവപ്പെടുന്നു. തലയിലെ സൈനസ് എന്ന് വിളിക്കപ്പെടുന്ന അറകൾക്ക് വീക്കം വരുമ്പോഴാണ് വേദനയുണ്ടാകുന്നത്. മൂക്കൊലിപ്പ്, ചെവി അടയുക, പനി, മുഖം വീർത്തതുപോലുള്ള ലക്ഷണങ്ങൾക്കൊപ്പം വേദന സാധാരണയായി വരുന്നു.

തലയ്ക്ക് പരിക്കേറ്റതിന് ശേഷം 2-3 ദിവസത്തിന് ശേഷമാണ് പോസ്റ്റ് ട്രൗമാറ്റിക് സ്ട്രെസ് തലവേദന ആരംഭിക്കുന്നത്. ഓർമ്മയിൽ പ്രശ്നം, കൂടി കൂടി വരുന്ന വേദന, വെളിച്ചത്തോട് അസ്വസ്ഥത എന്നിവയൊക്കെയാണ് ലക്ഷണങ്ങൾ.

Read More: കൊവിഡ് വ്യാപനം രൂക്ഷം; തമിഴ്‌നാട്ടിലും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു

വ്യയാമം ചെയ്യുമ്പോൾ തല, കഴുത്ത്, തലയോട്ടി എന്നിവയിലെ പേശികൾക്ക് കൂടുതൽ രക്തം ആവശ്യമാണ്. അതിനായി രക്തക്കുഴലുകൾ വീർക്കുന്നു. അതുകൊണ്ട് വ്യയാമ ശേഷം തലയുടെ ഇരുവശത്തും 5 മിനിറ്റ് മുതൽ 48 മണിക്കൂർ വരെ നീണ്ടുനിൽക്കുന്ന വേദനയാണ് മറ്റൊരു തലവേദന.

Story highlights- different types of headache